കൊല്ലം വഴിയുള്ള സർവീസുകൾ മിക്കതും റദ്ദാക്കി
കൊല്ലം: ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് കൊല്ലം റെയിൽവേ സ്റ്റേഷൻ അടച്ചു. സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത ആർ.പി.എഫ് സ്റ്റേഷനിലേക്ക് ആരെയും കടത്തിവിട്ടില്ല. സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ പ്രത്യേക റിബൺ കെട്ടി പ്രവേശനം തടഞ്ഞു. ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിച്ചില്ല. ദീർഘദൂര ട്രെയിനുകളിൽ വന്നവർക്ക് കൊല്ലത്ത് ഇറങ്ങാനുള്ള അവസരം മാത്രമേ ഇന്നലെ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ. വന്നിറങ്ങിയ യാത്രക്കാരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തി. സ്റ്റേഷനിലെ സ്നാക്ക്സ് ബാറുകളും ഭക്ഷണ ശാലകളും പ്രവർത്തിച്ചില്ല. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നതും തിരക്ക് കൂടുതൽ ഉള്ളതുമായ കൊല്ലം വഴിയുള്ള സർവീസുകളും റെയിൽവേ ഇന്നലെ പ്രവർത്തിപ്പിച്ചില്ല. പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കിയതിന് പുറമെ മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, പുനലൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ, മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ്, ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്‌പ്രസ് തുടങ്ങിയവയാണ് ഇന്നലെ റെയിൽവേ റദ്ദാക്കിയത്. ഇതോടെ റെയിൽ മാർഗമുള്ള തിരക്ക് ഒരു പരിധിയിലേറെ നിയന്ത്രിക്കാനായി.