photo
മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വീട്ടിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു

കുണ്ടറ: പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആഹ്വാനം ഏറ്റെടുത്ത് പൊതുപരിപാടികളെല്ലാം മാറ്റിവച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഞായറാഴ്ച മുഴുവൻ കുണ്ടറയിലെ വീട്ടിൽ തന്നെയുണ്ടായിരുന്നു. തൊഴിലാളികളെ അവരവരുടെ വീടുകളിൽ പറഞ്ഞയച്ച മന്ത്രി കുടുംബാംഗങ്ങളോടൊപ്പം സാധാരണ വീട്ടമ്മയായി വീട്ടുജോലികളിലും ശുചീകരണ പ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു.

സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും സർക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളെ കുറിച്ചറിയാൻ എത്തിയ മാദ്ധ്യമ പ്രവർത്തകരോട് മന്ത്രി വാചാലയായി. ''സങ്കുചിത ചിന്തകൾ മാറ്റിവച്ച് ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. കൊറോണയ്ക്ക് മുന്നിൽ ആധുനിക ശാസ്ത്രം പോലും പകച്ചുനിൽക്കുമ്പോൾ പുതിയ വെല്ലുവിളികൾ നേരിടാൻ ലോകം മുഴുവൻ ഒറ്റക്കെട്ടാകണം. ഇറ്റലിയുടെ ദയനീയാവസ്ഥ ഇന്ത്യക്കാർക്ക് പാഠമാവണം.

ഇത്രയേറെ പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോഴും ചിലരുടെ അനാസ്ഥ രാജ്യത്തെ മുഴുവൻ അപകടാവസ്ഥയിലാക്കുകയാണ്.

ഇറ്റലി, ഗൾഫ് എന്നിവിടങ്ങളിൽ നിന്നെത്തിയവർ എല്ലാ പ്രതിരോധവും മുൻകരുതലും അവഗണിച്ച് കറങ്ങിനടന്നത് കാര്യങ്ങൾ കൈവിടുന്ന ഘട്ടത്തിലെത്തിച്ചു. ഇത് നിയന്ത്രണ വിധേയമാക്കി വരുന്നതിനിടെയാണ് കാസർഗോഡ് എത്തിയയാൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടത്. വരുംദിവസങ്ങളിൽ ഇത്തരക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.''

 ജനതാ കർഫ്യൂവിനെക്കുറിച്ച്...

മുഴുവൻ ജനങ്ങളും വീട്ടിൽത്തന്നെ കഴിയുന്ന ദിവസം ഭാരതത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. വീടും ചുറ്റുപാടുകളും കുടുംബാംഗങ്ങളോടൊപ്പം ശുചീകരിച്ചു. കേന്ദ്ര സർക്കാർ ജനതാ കർഫ്യൂവിനുമപ്പുറം ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. പുതിയ വെല്ലുവിളികളെ നേരിടാൻ ഭാരതീയർക്ക് ശാസ്ത്രബോധവും ഉത്തരവാദിത്ത ബോധവുമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.