കൊട്ടാരക്കര: എറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൂർ മണ്ഡപം പുനർജ്ജനിക്കുന്നു, ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂർ-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റർ അകലത്തിലാണ് പുതിയ മണ്ഡപം നിർമ്മിക്കുന്നത്. ഗതാഗത തടസം ഒഴിവാക്കി മണ്ഡപത്തിന് കേടുപാടു ഉണ്ടാകാത്ത തരത്തിലാണ് നിർമ്മാണം. പഴമയെ ഓർമ്മപ്പെടുത്തും വിധം അടിത്തറയും തൂണുകളും ഇരിപ്പിടവുമടക്കം കല്ലുകളിലാണ് ഒരുക്കുക.
തടികൊണ്ടുതന്നെ മേൽക്കൂരയൊരുക്കി ഓട് മേയും. പി. ഐഷാപോറ്റി എം.എൽ.എ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് മണ്ഡപം പുനർനിർമ്മിക്കുന്നത്. പഴയ മണ്ഡപം ഇവിടെ നിന്ന് പൂർണമായും ഇളക്കി മാറ്റിയ ശേഷമായിരുന്നു നിർമ്മാണ ജോലികൾ തുടങ്ങിയത്. നേരത്തേ ഉണ്ടായിരുന്ന മണ്ഡപത്തിന്റെ രൂപഭംഗിയുണ്ടാകുമെങ്കിലും അതിന്റെ അത്ര വലിപ്പമുണ്ടാകില്ല പുതിയ മണ്ഡപത്തിന്. നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പുനർ നിർമ്മാണം നടക്കുന്നത്.
കല്ല് വരണം
മണ്ഡപത്തിന്റെ നിർമ്മാണത്തിന് പഴയ മണ്ഡപത്തിന്റെ കല്ല് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകില്ല. അടിത്തറയുടെ ആദ്യഘട്ടത്തിന് പഴയ കല്ലുകളിൽ കുറച്ച് ഉപയോഗിച്ചിരുന്നു. ബാക്കി കല്ല് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരും. കൊറോണ വ്യാപനം കാരണം തമിഴ്നാട്ടിൽ നിന്നും കൊത്തിയെടുക്കുന്ന കല്ല് കൊണ്ടുവരുന്നതിന് ഇനിയും സമയമെടുത്തേക്കും.
ചരിത്ര സ്മാരകം
നൂറ്റാണ്ടുകളുടെ ശേഷിപ്പാണ് പുത്തൂരിലെ മണ്ഡപം. പവിത്രേശ്വരം, നെടുവത്തൂർ, കുളക്കട ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ച് ശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.
കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികിലാണ് മണ്ഡപം സ്ഥിതി ചെയ്തിരുന്നത്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന പുത്തൂർ പട്ടണത്തിൽ മണ്ഡപം പലപ്പോഴും ഗതാഗത തടസത്തിന് കാരണമായിരുന്നു.
പവതവണ വാഹനങ്ങൾ തട്ടി മണ്ഡപത്തിന് തകരാറുണ്ടായി. പുത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലേക്ക് തോട്ടണ്ടിയുമായി വന്ന ലോറി ഇടിച്ചതോടെ മണ്ഡപം പകുതി തകർന്നു. കശുഅണ്ടി വ്യവസായി വലിയ തുക ചിലവിട്ട് മേൽക്കൂര മാറ്റി മനോഹരമാക്കി നാടിന് സമർപ്പിച്ചു. എന്നാൽ 2016 നവംബർ 30ന് കെ.എസ്.ആർ.ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും നിലംപൊത്തി.
മണ്ഡപം അതേ സ്ഥാനത്ത് പുനർനിർമ്മിക്കണമെന്നും മാറ്റി സ്ഥാപിക്കണമെന്നും ഭിന്നാഭിപ്രായങ്ങളുണ്ടായി. തർക്കം രൂക്ഷമായതോടെ നിർമ്മാണത്തിന് ആർ.ഡി.ഒ നിരോധന ഉത്തരവ് നൽകുകയും പിന്നീട് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഗതാഗത തടസമില്ലാത്തവിധം ചെറുതാക്കി മാറ്റി പുനർനിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു.