കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം പൈപ്പിൻകരയിൽ മണ്ണ് മാഫിയയുടെ ആക്രമണത്തിൽ നാട്ടുകാരായ രണ്ടുപേരുൾപ്പടെ നാല് പേർക്ക് പരിക്കേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. പോരുവഴി സ്വദേശികളായ രാജേഷ് ഭവനത്തിൽ രാജേഷ് (27), വടക്കേമുറി അനുഭവനം വീട്ടിൽ അനു (23), അനീഷ് ഭവനത്തിൽ അനൂപ് (23), കന്നിമേലഴികത്ത് കിഴക്കേപ്പുറം വീട്ടിൽ സുബിൻ(23), വടക്കേമുറി പുളിമൂട്ടിൽ വീട്ടിൽ അനീഷ് (28) എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 20ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
മണ്ണെടുപ്പിന് നിശ്ചയിച്ച പാസ് പ്രകാരമല്ലാതെ ലോഡ് ആവശ്യപ്പെട്ടവർക്ക് നൽകാത്തതിലുള്ള വിരോധത്താൽ കാറിലും ബൈക്കുകളിലുമായെത്തിയ സംഘം അക്രമം കാട്ടുകയായിരുന്നു. ട്രാവൻകൂർ ട്രാൻസ്പോർട്ടേഴ്സ് എന്ന സ്ഥാപത്തിന്റെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് നടന്നിരുന്നത്. ഇവരുടെ സൂപ്പർവൈസറായ ശ്രീക്കുട്ടനെയും(26) ജെ.സി.ബി ഓപ്പറേറ്റർ അമീർ ഖാനെയുമാണ് പ്രതികൾ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്.
തുടർന്ന് സമീപവാസിയായ ചന്ദ്രബാബുവിന്റെ (50) വീട്ടിലേക്ക് ശ്രീക്കുട്ടൻ ഓടിക്കയറി. പിന്നാലെയെത്തിയ പ്രതികളെ തടയാൻ ശ്രമിച്ച ചന്ദ്രബാബുവിനെയും ബന്ധുവായ ഹരിദാസിനെയും (61) ഇവർ മർദ്ദിച്ചു.
മുറ്റത്തെ ചെടിച്ചട്ടികളും മറ്റും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.