vat
ബാബു ലൂക്കോസ് , സുലീപ്

അഞ്ചൽ: വീട്ടിനുള്ളിൽ വ്യാജവാറ്റ് നടത്തിവന്ന രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടയം തെക്കേക്കര പുത്തൻവീട്ടിൽ ബാബു ലൂക്കോസ് (55), തേവർതോട്ടം ക്ലാവോട്ട് വീട്ടിൽ സുലീപ് (40) എന്നിവരാണ് അറസ്റ്റിലായത്.

200 ലിറ്ററോളം കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.കൊല്ലം എക്സൈസ് അസി. കമ്മിഷണർ ജെ. താജുദ്ദീൻകുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെ ബാബുലൂക്കോസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടകൂടിയത്. എക്സൈസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.

തേവർതോട്ടം അശ്വതി ഭവനിൽ മുരുകനാണ് (50) രക്ഷപ്പെട്ടത്.നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.

അഞ്ചൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു എൻ. ബേബി, പ്രിവന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, സി.ഇ.ഒമാരായ ലിറ്റോ തങ്കച്ചൻ, റിൻജോ വർഗീസ്, ബിനോജ് കുമാർ, രജീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.