corona

കുണ്ടറ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഒരു കുടുംബത്തിലെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊറ്റങ്കര മേക്കോൺ സ്വദേശികളും കുടുംബാംഗങ്ങളുമായ ജമാലുദ്ദീൻ, ജാഫിൻ ജമാൽ, ഈസാ ജമാൽ എന്നിവർക്കെതിരെയാണ് കേസ്.

ഈ മാസം 14ന് ദുബായിൽ നിന്നെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയുവാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് അനുസരിക്കാതെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഇവരോട് നിരീക്ഷണത്തിൽ കഴിയണമെന്ന് കർശന നിർദ്ദേശം നൽകി. എന്നിട്ടും വഴങ്ങാത്തതിനെ തുടർന്ന് കുണ്ടറ ജനമൈത്രി പൊലീസും സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. പൊലീസിന്റെ നിർദ്ദേശവും അവഗണിച്ചതോടെയാണ് മൂന്ന് പേർക്കെതിരെയും പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുത്തത്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.