photo
ജനതാ കർഫ്യൂവിനെ തുടർന്ന് വിജനമായ കൊട്ടാരക്കര പട്ടണം

കൊട്ടാരക്കര: കൊറോണ വൈറസിനെ തുരത്താൻ ജനങ്ങൾ മനസുകൊണ്ടും തയ്യാറായതോടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ എല്ലായിടത്തും പൂർണം. കൊട്ടാരക്കരയിൽ പൊതുഗതാഗത സംവിധാനം നിശ്ചലമായിരുന്നു. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഞായറാഴ്ചകളിലും സജീവമാകുന്ന പട്ടണവും ഗ്രാമപ്രദേശങ്ങളും പൂർണമായും വിജനമായിരുന്നു. കക്ഷി രാഷ്ട്രീയമൊക്കെ പാടെ മറന്ന് പൊതുസമൂഹത്തിന് വേണ്ടി ഒന്നിച്ച് നിൽക്കാൻ എല്ലാവരും തീരുമാനിക്കുകയായിരുന്നു.

വീട്ടിലേക്കാവശ്യമായ സാധനങ്ങളൊക്കെ തലേദിവസം തന്നെ എല്ലാവരും വാങ്ങിയിരുന്നു. ഇനിയും ആശങ്കയുടെ ദിനങ്ങളായതിനാൽ കൂടുതൽ സാധനങ്ങൾ വാങ്ങി കരുതൽ നടത്തിയിട്ടുമുണ്ട്. ഹർത്താൽ ദിനങ്ങളിലും നിരത്തിൽ പ്രത്യക്ഷപെടാറുള്ള സ്വകാര്യ വാഹനങ്ങളും ഇന്നലെ അപൂർവമായിരുന്നു. പെട്ടിക്കടകൾ പോലും തുറന്ന് പ്രവർത്തിച്ചില്ല. ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും വിജനമായിരുന്നു. താലൂക്ക് ആശുപത്രിയും രോഗികൾ കുറവായിരുന്നു. പള്ളികളിലെ ഞായറാഴ്ച പ്രാർത്ഥനകളും ഒഴിവാക്കി. ക്ഷേത്ര ഉത്സവങ്ങൾ, വിശ്വാസപരമായ മറ്റ് ചടങ്ങുകൾ, പൊതുചടങ്ങുകൾ അങ്ങനെ എല്ലാം ഒഴിവാക്കിയാണ് എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങിയത്.

പുത്തൂർ, കലയപുരം, നെടുവത്തൂർ, കുളക്കട, വാളകം, ഓടനാവട്ടം, നെല്ലിക്കുന്നം, തേവലപ്പുറം, കോട്ടാത്തല, ചെങ്ങമനാട്, കുന്നിക്കോട്, സദാനന്ദപുരം തുടങ്ങി എല്ലാ സ്ഥലങ്ങളിലും കർഫ്യൂ പൂർണമായിരുന്നു.

ആരോഗ്യ പ്രവർത്തകരും പൊലീസും മാത്രമാണ് മിക്ക കേന്ദ്രങ്ങളിലും സജീവമായുണ്ടായിരുന്നത്. വൈകിട്ട് അഞ്ചിന് സേവന സജ്ജരായ ആരോഗ്യ പ്രവർ‌ത്തകർക്ക് കൈയ്യടിച്ചും പാത്രങ്ങൾ കൊട്ടിയും അഭിവാദ്യമർപ്പിക്കാനും മിക്കവരും മടിച്ചില്ല.