പരിശോധനാ ഫലം നെഗറ്റീവ്
കൊട്ടിയം: ദുബായിൽ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലിരിക്കെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഇരവിപുരം സർഗധാര നഗർ 73 വെളിയിൽ വീട്ടിൽ ശരത്താണ് (30) മരിച്ചത്. മൂന്ന് തവണ നടത്തിയ കൊറോണ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ 15ന് വീടിന് സമീപം എ.കെ.ജി ജംഗ്ഷനിലായിരുന്നു അപകടം. മാർച്ച് 6നാണ് ശരത്ത് നാട്ടിലെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ രാത്രി പത്തോടെ വീടിനടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് ഭാര്യ രേഖയ്ക്കും മകൾ ഋതുവിനുമൊപ്പം ബൈക്കിൽ പോയി മടങ്ങുമ്പോൾ അമിത വേഗതയിൽ എത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രേഖയ്ക്കും ഋതുവിനും പരിക്കേറ്റിരുന്നു. എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന ഇരവിപുരം കാവൽ പുര സ്നേഹനഗർ 10 അനിത മന്ദിരത്തിൽ അഖിൽ താജ് (24) അന്നുതന്നെ മരിച്ചിരുന്നു. സാരമായി പരിക്കേറ്റ ശരത്തിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.