ട്രെയിൻ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു
ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 154 ഷെഡ്യൂളുകൾ
കൊല്ലം: കെ.എസ്.ആർ.ടി.സി 70 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചതോടെ ഇന്നലെ നിരത്തിലറിങ്ങിയ ബസുകളിൽ യാത്രക്കാർ തിങ്ങിഞെരുങ്ങി. കഴിഞ്ഞ ദിവസങ്ങളിലും സർവീസുകൾ വെട്ടിച്ചുരുക്കിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ട്രെയിൻ സർവീസ് റദ്ദാക്കിയതോടെ ദീർഘദൂര യാത്രക്കാരടക്കം കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതാണ് ഇന്നലെ പ്രശ്നം സൃഷ്ടിച്ചത്.
സാഹചര്യം ഇതായിട്ടും അധിക സർവീസുകൾ നടത്താൻ ചീഫ് ഓഫീസിൽ നിന്നും അനുമതി നൽകിയില്ല. ദീർഘദൂര സർവീസുകടക്കം ഇന്നലെയും റദ്ദാക്കി. കൊല്ലം ഡിപ്പോയിൽ നിന്നുള്ള ആലപ്പുഴ ഫാസ്റ്റ് രാവിലെ 120 യാത്രക്കാരുമായാണ് പുറപ്പെട്ടത്. 50ൽ അധികം ആളുകൾ കൂട്ടംകൂടരുതെന്ന് സർക്കാർ നിദ്ദേശമുള്ളപ്പോഴും ഒട്ടുമിക്ക ബസുകളിലും മികപ്പോഴും 60 മുകളിൽ യാത്രക്കാരുണ്ടായിരുന്നു. സ്റ്റോപ്പുകളിൽ യാത്രക്കാർ കാത്തുനിന്ന് വലഞ്ഞു. അതുകൊണ്ട് തന്നെ പലർക്കും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമത്ത് എത്താനായില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്കയുമുണ്ട്.
ഞങ്ങളുടെ ജീവന് വിലയില്ലേ?
ഞങ്ങളുടെ ജീവന് വിലയില്ലേ എന്നാണ് സർവീസ് നടത്തിയ ബസുകളിലെ ജീവനക്കാരുടെ ചോദ്യം. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റുളവരുമായി ഒരു മീറ്റർ അകലം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം ഒരു തരത്തിലും കണ്ടക്ടമാർക്ക് പാലിക്കാനാവുന്നില്ല. മാസ്കുകളുടെ ക്ഷാമം മാറാത്തതിനാൽ കൈയിലുള്ളത് തന്നെ തുടർച്ചയായി ഉപയോഗിക്കുകയാണ്. ആദ്യദിവസങ്ങളിൽ മാത്രമാണ് ഡിപ്പോകളിൽ നിന്ന് ജീവനക്കാർക്ക് മാസ്കുകൾ നൽകിയത്. സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഹാൻഡ് വാഷ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ മാത്രമാണ് ഇപ്പോൾ ആശ്രയം.
ബസുകൾ കുളിച്ച് കുട്ടപ്പന്മാരായി
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനാ പ്രവർത്തകർ തുടർച്ചയായി അണുവിമുക്തമാക്കാൻ എത്തിയത്തോടെ സർവീസ് നടത്താത ഡിപ്പോകളിൽ നിർത്തിയിരുന്ന ബസുകളിൽ പലതും പലതഴണ തുടർച്ചയായി ശുചീകരിപ്പെട്ടു.
ഡിപ്പോ, ആകെ ഷെഡ്യൂൾ, ഇന്നലെ ഓപ്പറേറ്റ് ചെയ്തത്
കൊല്ലം 96 -30
കൊട്ടാരക്കര 104 - 34
പുനലൂർ 62 - 19
പത്തനാപുരം 44 - 10
ചാത്തന്നൂർ 47 - 18
കരുനാഗപ്പള്ളി 76 -14
ചടയമംഗലം 59 - 14
കുളത്തൂപ്പുഴ 32 10
ആര്യങ്കാവ് 16 - 5
ആകെ ഷെഡ്യൂൾ: 536
ഇന്നലെ നിരത്തിലിറങ്ങിയത്: 154