എക്സൈസിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് കൊല്ലം, പത്തനംതിട്ട മെഡിക്കൽ ഓഫീസർമാർക്ക് കൈമാറി
കൊല്ലം: സ്പിരിറ്റ് ഏറ്റെടുക്കാൻ ധൈര്യമില്ലത്തതിനാൽ സാനിറ്റൈസർ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യാനുള്ള നഗരസഭയുടെ പദ്ധതി പൊളിഞ്ഞു. 150 ലിറ്റർ സ്പിരിറ്റ് കൈമാറാൻ എക്സൈസ് തയ്യാറായിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാതെ നഗരസഭാ അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാനിറ്റൈസറിന് വൻക്ഷാമം അനുഭവപ്പെട്ടതോടെ നഗരസഭാ ജീവനക്കാരുടെ സംഘടന പരീക്ഷണാർത്ഥം സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തിരുന്നു. സംഗതി വിജയിച്ചതോടെ കൂടുതൽ അളവിൽ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യുന്നതിനായി നഗരസഭ എക്സൈസ് കമ്മിഷണറോട് സ്പിരിറ്റ് ആവശ്യപ്പെട്ടു.
കമ്മിഷണർ 150 ലിറ്റർ സ്പിരിറ്റ് നഗരസഭയ്ക്ക് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഇതുപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ ലഭ്യമാകുന്ന സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന സാനിറ്റൈസറിന്റെ അളവും നിർമ്മാണ രീതിയും സഹിതം അപേക്ഷ നൽകാൻ നഗരസഭയോട് ആവശ്യപ്പെട്ടു. ഇതോടെ ഉത്തരവാദിത്തം തങ്ങളുടെ ചുമലിൽ ആകുമെന്ന് ഭയന്ന് നഗരസഭാ അധികൃതർ പിൻവാങ്ങുകയായിരുന്നു.
നഗരസഭ പിന്മാറി, സ്പിരിറ്റ് ഡി.എം.ഒമാർക്ക് കൈമാറി
356 ലിറ്റർ സ്പിരിറ്റാണ് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ ഉണ്ടായിരുന്നത്. ഇതിൽ വലിയൊരു ഭാഗം വർഷങ്ങൾ പഴക്കമുള്ളതാണ്. നഗരസഭ പിൻമാറിയതോടെ 348 ലിറ്റർ സ്പിരിറ്റ് കൊല്ലം ഡി.എം.ഒയ്ക്കും എട്ട് ലിറ്റർ പത്തനംതിട്ട ഡി.എം.ഒയ്ക്കും സാനിറ്റൈസർ നിർമ്മാണത്തിനായി എക്സൈസ് സൗജന്യമായി നൽകി.
'' 150 ലിറ്റർ സ്പിരിറ്റ് വാങ്ങി സൂക്ഷിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. എന്തെങ്കിലും വീഴ്ച പറ്റിയാൽ വലിയ പ്രശ്നമായി മാറും. ഒരു വീഴ്ചയും പറ്റാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.''
ഹണി ബഞ്ചമിൻ (മേയർ)
'' നഗരസഭ ആവശ്യപ്പെട്ട പ്രകാരം 150 ലിറ്റർ സ്പിരിറ്റ് നൽകാൻ കമ്മിഷണർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം വ്യവസ്ഥാപിതമായ രീതിയിൽ അപേക്ഷ നൽകാൻ നഗരസഭയോട് ഒന്നിലധികം തവണ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.''
ജേക്കബ് ജോൺ (എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ)