കൊല്ലം: കൊറോണ വൈറസ് ആശങ്ക രൂക്ഷമായതോടെ നാടെങ്ങും ഇന്നലെയും കർഫ്യു പ്രതീതിയായിരുന്നു. ജില്ലാ കേന്ദ്രമായ കൊല്ലത്തടക്കം തുറന്ന വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ കുറവായിരുന്നു. സർക്കാർ ഓഫീസുകളെല്ലാം തുറന്നെങ്കിലും കാര്യമായി ആളെത്തിയില്ല. കളക്ടറേറ്റ് ഇന്നലെ ഹർത്താൽ ദിനത്തിലേത് പോലെയായിരുന്നു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം പേർ മാത്രം എത്തിയാൽ മതിയെന്നാണ് നിർദ്ദേശമെങ്കിലും ഹാജർ നില അതിലും കുറവായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ മാത്രമാണ് ആളനക്കമുണ്ടായിരുന്നത്. ഒട്ടുമിക്ക റോഡുകളും വിജനമായിരുന്നു. എപ്പോഴും ജനത്തിരക്ക് ഉണ്ടാകാറുള്ള ചിന്നക്കട, കളക്ടറേറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ വിരലിലെണ്ണാവുന്ന കാൽനടയാത്രികർ മാത്രമാണ് ഉണ്ടായിരുന്നത്. നഗരകേന്ദ്രമായ ചിന്നക്കടയിലെ വലിയൊരു വിഭാഗം കടകൾ തുറന്നില്ല.
തുറന്ന കടകൾ കച്ചവടമില്ലാതായതോടെ പിന്നീട് അടച്ചു.സൂപ്പർ മാർക്കറ്റുകളിലെല്ലാം ഉപഭോക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പല ഷോപ്പിംഗ് മാളുകളിലും ക്യൂ സമ്പ്രദായം ഏർപ്പെടുത്തി. പത്തിൽ താഴെ ആളുകളെ മാത്രമാണ് ഓരോ സമയവും ഉള്ളിലേക്ക് കടത്തിവിട്ടത്. ഇവർ പുറത്തിറങ്ങിയ ശേഷമാണ് പുതിയ ആളുകളെ പ്രവേശിപ്പിച്ചത്.
അനാവശ്യ യാത്രകളെല്ലാം ജനങ്ങൾ ഒഴിവാക്കിയതിനാൽ ദേശീയപാതകളിലടക്കം വാഹനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നില്ല. ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ റെയിൽവേ സ്റ്റേഷനുകൾ ഇന്നലെയും പല സമയത്തും ശൂന്യമായിരുന്നു. സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനത്തിന് മുമ്പ് പുറപ്പെട്ട വിരലിലെണ്ണാവുന്ന ട്രെയിനുകൾ മാത്രമാണ് ഇന്നലെ എത്തിയത്. ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടം കിട്ടാതെ സ്റ്റാൻഡുകളിൽ തന്നെ കിടപ്പായിരുന്നു. കാൽനടക്കാരും വാഹനങ്ങളും ഇല്ലാത്തതിനാൽ വഴിയോര കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ആരോഗ്യ വിഭാഗം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചന്തകളിലെ കച്ചവടവും വലിയ അളവിൽ ഇടിഞ്ഞു.
നിൽക്കാനും ഇരിക്കാനും സമയമില്ലാതെ പൊലീസ്
കൊറോണ വന്നതോടെ പെറ്റിപിടിത്തവും വാഹന പരിശോധനയും ചെറിയ തോതിൽ ഒഴിവാക്കപ്പെട്ടെങ്കിലും കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരുടെ പിന്നാലെ ഓടുകയാണ് പൊലീസ്. സ്റ്റേഷനുകളിലാണെങ്കിൽ പരാതിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവില്ല.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവർ വീടുകളിൽ തന്നെ കഴിയുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പല സ്റ്റേഷനുകളിലും അഞ്ച് വീതം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുറമേ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പ്രവാസിയുടെ നിഴൽ കണ്ടാൽ തന്നെ സ്റ്റേഷനിലേക്ക് വിളിയെത്തും. സ്ഥലത്ത് എത്തിക്കഴിയുമ്പോഴാണ് വിവരം വ്യാജമാണെന്ന് മനസിലാകുന്നത്. ഇങ്ങനെ ചിലർ വ്യക്തിവിരോധവും രാഷ്ട്രീയ വൈരാഗ്യവും തീർക്കാനുള്ള ആയുധമായും കൊറോണ നിരീക്ഷണത്തെ ഉപയോഗിക്കുന്നുണ്ട്.
ജില്ലയിലെ ഒട്ടുമിക്ക പൊലീസുകാർക്കും തുടർച്ചയായി ഇങ്ങനെയുള്ള പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. പതിവ് പോലെ രാവിലെ 7.30ന് എത്തുന്ന എസ്.ഐമാർ അടക്കമുള്ളവർ രാത്രി പത്ത് കഴിഞ്ഞാണ് ഇപ്പോഴും മടങ്ങുന്നത്. കൊറോണയുടെ മറവിൽ കഞ്ചാവ് കച്ചവടം, മണൽ കടത്ത്, മണ്ണ് കടത്ത് തുടങ്ങിയവ വ്യാപകമായതിനാൽ പട്രോളിംഗും ഒഴിവാക്കാനാവുന്നില്ല. ശാരീരിക അവശതയിൽ ആരെയെങ്കിലും എവിടെയങ്കിലും കണ്ടാൽ ആദ്യം വിളിയെത്തുന്നതും പൊലീസിനാണ്. കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇവർ ഇവിടെയെല്ലാം ഓടിയെത്തുന്നത്.