കൊല്ലം: സർക്കാർ നിശ്ചയിച്ച അടിസ്ഥാന തുകയുടെ പകുതി പോലും നൽകാൻ ആളില്ലാതായതോടെ ജില്ലയിലെ കള്ള് ഷാപ്പുകളുടെ ലേലം അവസാനിപ്പിച്ചു. രണ്ട് ദിവസമായി നടന്ന ലേലത്തിൽ 6 ഗ്രൂപ്പുകളിലായി 27 ഷാപ്പുകൾ മാത്രമാണ് ലേലം പോയത്. ജില്ലയിൽ 42 ഗ്രൂപ്പുകളിലായി 233 ഷാപ്പുകളാണ് ജില്ലയിൽ ആകെയുള്ളത്. 20ന് നടന്ന ആദ്യ ലേലത്തിൽ നാല് ഗ്രൂപ്പുകളിലുള്ള 22 ഷാപ്പുകളാണ് ലേലം പോയത്. ഇന്നലെ ഒരു ഗ്രൂപ്പിലുള്ള അഞ്ച് ഷാപ്പുകൾ ലേലത്തിൽ പോയി. രണ്ട് ദിവസങ്ങളിലായി 681250 രൂപ മാത്രമാണ് വരുമാനമായി ലഭിച്ചത്. മുൻ വർഷങ്ങളിലും സമാനമായ അവസ്ഥയായിരുന്നുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ്ബ് ജോൺ പറഞ്ഞു. ശേഷിക്കുന്ന 206 ഷാപ്പുകൾ തൊഴിലാളികളുടെ സംഘങ്ങൾക്ക് 500 രൂപ വാടകയ്ക്ക് നടത്താൻ നൽകും.
ലേലത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊറോണ നിയന്ത്രണങ്ങൾക്കിടെ ഷാപ്പ് ലേലം നടന്ന കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ്, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് എന്നിവർ രാവിലെ 10 മണിയോടെ ലേലഹാളിലേക്ക് ഇരച്ചുകയറി. ഈ സമയം എക്സൈസ് ഉദ്യോഗസ്ഥർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ഹാളിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആകെ ഉള്ളത്: 42 ഗ്രൂപ്പുകൾ
ഷാപ്പുകൾ: 233 ഷാപ്പുകൾ