private
കൊല്ലം ചിന്നക്കടയിലെ പ്രൈവറ്റ് ബസ്റ്റാൻഡ്

കൊല്ലം: കൊറോണ ഭീതിയിൽ യാത്രക്കാരുടെ എണ്ണം 60 ശതമാനത്തിലേറെ കുറഞ്ഞതോടെ ജില്ലയിലെ പകുതിയിലേറെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചു. സിറ്റി സർവീസ് ഉൾപ്പെടെ 800 ലേറെ ബസുകളാണ് മുമ്പ് ജില്ലയിൽ സർവീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണം വൻ തോതിൽ കുറഞ്ഞതിനാൽ 400ൽ താഴെ ബസുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. പ്രതീക്ഷിച്ച യാത്രക്കാരെ ലഭിക്കാത്തതിനാൽ മിക്ക ബസുകളും ട്രിപ്പുകളുടെ എണ്ണവും വെട്ടികുറച്ചു.

ചാർജ്ജ് വർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 11 മുതൽ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം കൊറോണ ഭീതിയുടെ നിഴലിലായത്. അതോടെയാണ് പണിമുടക്ക് ഉപേക്ഷിച്ച് സർവീസ് നടത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മിക്ക സ്വകാര്യ സ്ഥാപനങ്ങളും അടച്ചതിനൊപ്പം സർക്കാർ ഓഫീസുകളിൽ നിയന്ത്രണവും കൂടി വന്നതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായത്. ആരാധാനാലയങ്ങളിൽ കൂടി നിയന്ത്രണം വന്നതോടെ ജനങ്ങൾ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തി.

പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് ജനങ്ങൾ മാറിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കടുത്ത നഷ്ടം സഹിക്കാൻ കഴിയാതെയാണ് മിക്കവരും സർവീസുകൾ അവസാനിപ്പിച്ചത്. പ്രതിസന്ധി പരിഹരിച്ച ശേഷം നിരത്തിലിറക്കാമെന്നാണ് പലരുടെയും തീരുമാനം. അടുത്ത ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കാനാണ് സാദ്ധ്യത.

ഉടമകൾക്ക് താങ്ങാനാകാത്ത നഷ്‌ടം

കൊട്ടിയത്ത് നിന്ന് ചിന്നക്കടയിലെത്താൻ ഒരു സ്വകാര്യ ബസിന് 280 രൂപയുടെ ഡീസൽ എങ്കിലും വേണ്ടി വരും. പക്ഷേ ഇന്നലെ പലപ്പോഴും പത്ത് യാത്രക്കാരെ മാത്രമാണ് ഈ രണ്ട് പോയിന്റുകൾക്കിടയിൽ ലഭിച്ചത്. കൊട്ടിയം - ചിന്നക്കട ഒറ്റ യാത്രയിൽ മാത്രം 180 രൂപയുടെ നഷ്‌ടം. ഡ്രൈവർക്ക് 850 രൂപയും കണ്ടക്ടർക്ക് 650 രൂപയുമാണ് ശരാശരി കൂലി. മൂന്ന് ജീവനക്കാർ വരെ ഒരു ബസിലുണ്ടാകും. കഴിഞ്ഞ ദിവസം കൊട്ടിയം - മരുത്തടി റൂട്ടിലോടിയ ബസിന്റെ ഇന്ധന ചിലവും വേതനവും നൽകാൻ ബസുടമ പോക്കറ്റിൽ നിന്ന് 95 രൂപ അങ്ങോട്ട് കൊടുക്കേണ്ടി വന്നു.

 11000ൽ നിന്ന് വരുമാനം 3000ലേക്ക് താഴ്ന്നു

ജില്ലയിലെ ബസുകളുടെ ശരാശരി കളക്ഷൻ 8000 രൂപ മുതൽ 11000 രൂപ വരെ ആയിരുന്നു. കൊറോണ പ്രതിസന്ധി തുടങ്ങിയതോടെ വരുമാനം ഇടിഞ്ഞ് തുടങ്ങി. ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസുകളുടെ ശരാശരി വരുമാനം വെറും 3000 രൂപയായിരുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ കൊറോണ പ്രതിരോധത്തിനായി എല്ലാ ബസുകളുടെയും സർവീസുകൾ നിറുത്തിവയ്ക്കാൻ തയ്യാറാണെന്ന് ബസുടമകൾ പറയുന്നു.

 എല്ലാ റൂട്ടുകളിലും തിരക്കൊഴിഞ്ഞു

കൊട്ടിയം - ചിന്നക്കട, ഇളമ്പള്ളൂർ - ചവറ, കൊട്ടാരക്കര- കരുനാഗപ്പള്ളി, പത്തനംതിട്ട - ചവറ, കൊല്ലം - ആയൂർ തുടങ്ങി പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ബസുകൾ സർവീസ് അവസാനിപ്പിക്കുകയും ട്രിപ്പുകൾ വെട്ടികുറയ്‌ക്കുകയും ചെ‌യ്‌തു. ഇന്നലെ എല്ലാ റൂട്ടുകളിലും യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.

...................

സർക്കാരിൽ നിന്നുള്ള നല്ല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ആശങ്കയിലാണ്. നഷ്ടം സഹിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

ലോറൻസ് ബാബു.

ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ