nurse

കൊല്ലം: ''ലൊമ്പാർഡി പോലെയാകരുതേ, കൂട്ടംകൂടി നിന്നവരെല്ലാം ഇപ്പോൾ കൂട്ടംകൂട്ടമായി ആശുപത്രിയിലാ... വെന്റിലേറ്റർ മുതൽ ഓക്‌സിജൻ സിലിണ്ടർ വരെ കിട്ടാക്കനിയാവുകയാണ് ''- ഇറ്റലിയിലെ ലൊമ്പാർഡിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കൊല്ലത്തുള്ള കുറെ നഴ്‌സുമാരുടെ വാക്കുകളാണ്. 240 കിടക്കയുള്ള ആശുപത്രിയിൽ ഇപ്പോൾ കിടക്കുന്നത് 2400 പേർ. എല്ലാ ഐ.സി.യു വാർഡുകളും ശസ്ത്രക്രിയാ മുറികളും ആശുപത്രി വരാന്തകളും രോഗികളെകൊണ്ട് നിറഞ്ഞു. മൊബൈൽഫോണിലൂടെ സംസാരിക്കുമ്പോഴും അവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവർ.

വെന്റിലേറ്ററും ഓക്‌സിജൻ സിലിണ്ടറുകളും കിട്ടാനില്ല. മറ്റൊരു രോഗത്തിനും ചികിത്സിക്കാനാവുന്നില്ല. അവരെ ഒന്നു നോക്കാൻ പോലും കഴിയുന്നില്ല. പ്രായം നോക്കി ചികിത്സിക്കേണ്ട ഗതികേടിലാണ് ഡോക്ടർമാരും നഴ്‌സുമാരും.
പണവും പ്രതാപവും സ്ഥാനമാനങ്ങളും നോക്കാതെ രോഗികളെ കൂട്ടമായി കിടത്തിയിരിക്കുകയാണ്. ''രക്ഷാകവചമൊക്കെ ഞങ്ങൾക്കുമുണ്ട്. പക്ഷേ,... സർക്കാർ പറഞ്ഞതൊക്കെ കൃത്യമായി അനുസരിച്ചെങ്കിൽ ഇത്രയധികമാവില്ലായിരുന്നു. ഇതുപോലൊരു കൊച്ചു സംസ്ഥാനമല്ലേ നമ്മുടെ കേരളവും. സർക്കാർ പറയുന്നത് അപ്പടി അനുസരിക്കണേ...'' ആ മാലാഖമാർ വിതുമ്പുന്നു.

ലൊമ്പാർഡി

കേരളംപോലെ ഇറ്റലിയിലെ ചെറിയൊരു പ്രവിശ്യയാണ് ലൊമ്പാർഡി. ജനസാന്ദ്രതയേറിയ സമ്പന്നമായ നാട്. യുനെസ്കോയുടെ ഒൻപത് ലോക ഹെറിറ്റേജ് സെന്ററുകളുള്ള ലൊമ്പാർഡിയെ ഇറ്റലിയുടെ സാംസ്കാരിക നഗരമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. കൊറോണ പടർന്നുപിടിച്ചതോടെ ലൊമ്പാർഡി തകർന്നടിഞ്ഞു.

ആശുപത്രികളും ആധുനിക ചികിത്സാ സംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും നിത്യേന നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്.

ഇതുവരെ ഇറ്റലിയിൽ അയ്യായിരത്തിലേറെ മരണങ്ങളുണ്ടായി. അതിലേറെയും ലൊമ്പാർഡിയിൽ. 23.844 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണം.

''രോഗികളുടെ എണ്ണം പെരുകുന്നതിനാൽ 80 കഴിഞ്ഞവരെ ചികിത്സിക്കേണ്ടെന്നാണ് സർക്കാരിന്റെ രഹസ്യ നിർദ്ദേശം. 20 ശതമാനത്തിലേറെ 80 കഴിഞ്ഞവരാണ് ! പ്രായം കൂടിയ ആളിൽ നിന്ന് പ്രായം കുറഞ്ഞ രോഗിക്ക് വെന്റിലേറ്റർ എടുത്തുവയ്ക്കും. വെന്റിലേറ്റർ മാറ്റി അരമണിക്കൂറിനുള്ളിൽ അവർ മരിക്കുന്ന കാഴ്ച. അത് ‌കണ്ടുനിൽക്കുന്നതെങ്ങനെ?​ പ്രതീക്ഷയുള്ള രോഗികളിലേക്ക് വെന്റിലേറ്റർ മാറ്റിവയ്ക്കാനാണ് നിർദ്ദേശം. ഞങ്ങൾക്കറിയാം ചെയ്യുന്നത് മഹാപാപമാണെന്ന്. പക്ഷേ,​ മറ്റുമാർഗങ്ങളില്ല'

-ലൊമ്പാർഡിയിലെ ഒരുകൂട്ടം മലയാളി നഴ്സുമാർ