kodathi
കേസുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതിനെ തുടർന്ന് ആളൊഴിഞ്ഞ കൊല്ലത്തെ കോടതികളിലൊന്ന്

പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ളവ മാത്രം

കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തിൽ പ്രവർത്തനം പരിമിതപ്പെടുത്തിയ കോടതികളിൽ പരിഗണിക്കുന്നത് അടിയന്തര പ്രധാന്യമുള്ള കേസുകൾ മാത്രം. ഭൂരിപക്ഷം കേസുകളും മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കുകയാണ്. പ്രതികൾ, സാക്ഷികൾ, വാദികൾ, വക്കീലൻമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി കോടതി മുറിയിലും വരാന്തയിലുമുണ്ടാകുന്ന വലിയ ആൾക്കൂട്ടം ഒഴിവാക്കാനായാണ് പ്രവർത്തനം പരിമിതപ്പെടുത്തുന്നത്.

റിമാൻഡ് തടവുകാരുടെ ജാമ്യാപക്ഷേ ഉൾപ്പെടെയുള്ളവ മാത്രമാണ് ഇന്നലെ ജില്ലാ ആസ്ഥാനത്തെ കോടതികളിൽ പരിഗണിച്ചത്. ജില്ലാ കോടതി, കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം സബ് കോടതി, കൊല്ലം മുനിസിഫ് കോടതി ഒന്ന്, കൊല്ലം മുനിസിഫ് കോടതി രണ്ട്, പോക്സോ കോടതി, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ തുടങ്ങി പ്രധാനപ്പെട്ട കോടതികളെല്ലാം ജനക്കൂട്ടം ഒഴിവാക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലെ കോടതികളും ഇതേ മാതൃകയാണ് അവലംബിക്കുന്നത്.

 കടവൂർ ജയൻ വധക്കേസ് വിചാരണ 31ന്

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ജില്ലാ കോടതിയിൽ ഇന്നലെ പുനർ വിചാരണ ആരംഭിച്ച കടവൂർ ജയൻ വധക്കേസ് പരിഗണിക്കുന്നത് 31ലേക്ക് മാറ്റി. കൊറോണ പശ്ചാത്തലത്തിലാണ് കേസ് മാറ്റിവെച്ചത്. ഒമ്പത് പ്രതികളെയും വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ഹർജി അംഗീകരിച്ചാണ് പുനർവിചാരണ നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.