photo

കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിക്കും മുമ്പ് ടെണ്ടർ പോലുമില്ലാതെ നഗരസഭാ ഓഫീസ് നവീകരണ പ്രവൃത്തികൾ കോഴിക്കാട് ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചത് സംബന്ധിച്ച ഫയലുകൾ പരിശോധനയ്ക്കായി മേയർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് മേയറുടെ നടപടി.

 സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തിയ കരാർ

കമ്പ്യൂട്ടർ അടക്കമുള്ള ഐ.ടി ഉപകരണങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള സെൻട്രലൈസ്ഡ് പ്രൊക്യുർമെന്റ് ആൻഡ് റേറ്റ് കോൺട്രാക്ട് സിസ്റ്റം (സി.പി.ആ‌ർ.സി.എസ്) എന്ന പോർട്ടൽ മുഖേനയേ വാങ്ങാവൂ എന്നാണ് സർക്കാർ ഉത്തരവ്. ഇത് മറികടന്നാണ് ഓഫീസ് നവീകരണം ഊരാളുങ്കലിന് നൽകാൻ നഗരസഭ പദ്ധതിയിട്ടത്.

ഈ തീരുമാനത്തിന് അനുമതി തേടി നഗരസഭ തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചിരുന്നു. അപേക്ഷയിൽ തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഐ.ടി മിഷൻ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുമതി ലഭിക്കും മുമ്പേ രണ്ടരക്കോടി രൂപയുടെ കരാർ ഊരാളുങ്കലുമായി ഒപ്പിട്ട ശേഷം മുൻകൂർ തുകയടക്കം കൈമാറി നവീകരണം ആരംഭിക്കുകയായിരുന്നു.

ഓഫീസ് നവീകരണത്തിന്റെ ആദ്യഘട്ടമായി വാങ്ങിയ കമ്പ്യൂട്ടറുകൾ സ്ഥാപിക്കാനും നഗരസഭ 2,85,664 രൂപ ഊരാളുങ്കലിന് നൽകിയിരുന്നു. യഥാർത്ഥത്തിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചത് നഗരസഭയിലെ ഐ.ടി വിഭാഗം ജീവനക്കാരും.

...........................

 " ഞാൻ മേയറായി വരുന്നതിന് മുമ്പാണ് ഓഫീസ് നവീകരണത്തിന് ഊരാളുങ്കലിനെ ചുമതലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ വിശദാംശങ്ങൾ അറിയില്ല. കാര്യങ്ങൾ മനസിലാക്കാനാണ് ഫയലുകൾ ആവശ്യപ്പെട്ടത്.''

ഹണി ബഞ്ചമിൻ, മേയർ