c
അഞ്ച് പേർക്കെതിരെ കേസ്

കൊല്ലം: കൊറോണ പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച അഞ്ച് പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു.കൊല്ലം മുതിരപ്പറമ്പ് പള്ളിയിൽ കൂട്ടപ്രാർത്ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയ

മനയിൽക്കുളങ്ങര എം.ആർ.എ 35ൽ കണ്ണൻ നസീർ എന്നുവിളിക്കുന്ന നസീറിനെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി ചിറ്റുമൂല ഗ്രൗണ്ടിൽ ജനതാ കർഫ്യു ലംഘിച്ച് സംഘടിച്ച ഇരുപതോളം യുവാക്കളോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ കരുനാഗപ്പള്ളി പൊലീസും കേസെടുത്തു.

തവഴ ചിറ്റുമൂലയിൽ നൗഫലും (25) കണ്ടാലറിയാവുന്നവരുമാണ് പ്രതികൾ. ഗൃഹ നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം അവഗണിച്ച് ആശുപത്രികളിലും ആരാധാനാലയങ്ങളിലുമായി കറങ്ങി നടന്ന തൃക്കടവൂർ കുരീപ്പുഴ പള്ളിക്ക് സമീപം കുഴിക്കാട്ടിൽ (ചെപ്രായിൽ) സീലിയയ്ക്കെതിരെ (40) അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. നിർദേശങ്ങൾ അവഗണിച്ച് കൊല്ലം മാതാ ആശുപത്രി, ബെൻസിഗർ ആശുപത്രി, കുരീപ്പുഴ പള്ളി തുടങ്ങിയ ഇടങ്ങളിലാണ് ഇവർ പോയത്. ഇത് ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ പ്രവർത്തകരോടും ഇവർ അപമര്യാദയായാണ് പെരുമാറിയത്.

ഗൃഹനിരീക്ഷണത്തിൽ കഴിയാതെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങൾ നടത്തുകയും പൊതുസ്ഥലങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുകയും ചെയ്‌ത ക്ലാപ്പന കൊട്ടേക്കാട്ട് വീട്ടിൽ ഷാജിക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. വിദേശത്ത് നിന്ന് വന്ന് ആശ്രാമം പി.ഡബ്ല്യു.ഡി വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിയവെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ സംഘിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്‌ത കുണ്ടറ കാഞ്ഞിരോട് മഞ്ജു ഭവനിൽ ഹെറാൾഡിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്തു. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ അവഗണിക്കുന്നവരെ കണ്ടെത്താനും ശക്തമായ നിയമ നടപടി സ്വീകരിക്കാനുമാണ് പൊലീസ് തീരുമാനം. ഗൃനിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുന്നവരെ കണ്ടെത്തി പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ വെക്കാനും നടപടികൾ തുടങ്ങി.