കൊല്ലം: കർബലയിൽ നിന്ന് എസ്.എൻ വനിതാ കോളേജിന് മുന്നിലൂടെ കോളേജ് ജംഗ്ഷനിലേക്കുള്ള വഴിയിലെ ടാറിംഗ് പൂർത്തിയാക്കി. പാതിവഴിയിൽ നിലച്ച ടാറിംഗ് മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെയാണ് ശേഷിച്ച ടാറിംഗ് ജോലികൾ ഇവിടെ പൂർത്തീകരിച്ചത്.
നഴ്സിംഗ് കോളേജിന് മുന്നിലടക്കം ടാറിംഗ് പൂർത്തിയാകാതെ റോഡ് രണ്ട് തരത്തിലാണ് കിടന്നിരുന്നത്. റോഡിന്റെ രണ്ട് ഭാഗങ്ങൾ തമ്മിൽ അഞ്ച് സെന്റിമീറ്ററിലേറെ ഉയരവ്യത്യാസം ഇവിടെ ഉണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങൾ വൻതോതിൽ അടിതെറ്റി വീഴുന്നത് നിത്യസംഭവമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വനിതകൾ ഉൾപ്പെടെ പത്തിലധികം ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടത്.
ഇതോടെ വിദ്യാർത്ഥികളും നാട്ടുകാരും പ്രതിഷേധവുമായി നഗരസഭയെ സമീപിച്ചിരുന്നു. ടാറിംഗ് പൂർത്തിയായതോടെ ഇവിടുത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.