പുനലൂർ: എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റിവച്ചതായി ഉത്തരവ് ഇറങ്ങിയിട്ടും അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾ പുനലൂർ സബ് ട്രഷറിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ ഹൈസ്കൂളുകളിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന ചോദ്യ പേപ്പറുകൾ വിവിധ ട്രഷറികളിലും മറ്റും മാറ്റിയിട്ടുണ്ട്. എന്നാൽ വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ സ്കൂളിലെ പരീക്ഷാകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വച്ച സാഹചര്യത്തിൽ നിലവിൽ ചോദ്യ പേപ്പറുകൾ സൂക്ഷിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന്, ഈ വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്ന ക്ലസ്റ്ററിലെ ചോദ്യ പേപ്പറുകൾ സൂക്ഷിക്കുന്ന ട്രഷറി, ബാങ്ക് എന്നിവിടങ്ങളിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പുതുക്കിയ പരീക്ഷാ തിയതിക്ക് തലേ ദിവസം ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾ സകൂളുകളിൽ എത്തിക്കണമെന്നുമാണ് പരീക്ഷാ കമ്മിഷന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ ഉത്തരവ് കൈപ്പറ്റി ദിവസങ്ങൾ കഴിഞ്ഞിട്ടും അച്ചൻകോവിൽ സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾ ട്രഷറിലിലേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
9ന് അച്ചൻകോവിൽ സ്കൂളിൽ ചോദ്യ പേപ്പർ സൂക്ഷിക്കുന്ന ഡ്യൂട്ടിക്കെത്തിയ എ.ആർ ക്യാമ്പിലെ 4 പൊലീസുകാരും രണ്ട് സ്കൂളുകളിലെ രണ്ട് സർക്കാർ ജീവനക്കാരും വീടുകളിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. തമിഴ്നാട്ടിലെ ചെങ്കോട്ട വഴി വേണം അച്ചൻകോവിൽ സ്കൂളിൽ എത്തേണ്ടതെന്നും കോട്ടവാസലിൽ വാഹനങ്ങൾ കടത്തി വിടാത്തത് കണക്കിലെടുത്താണ് ചോദ്യ പേപ്പർ ഏറ്റെടുക്കുന്നത് നീണ്ട് പോകുന്നതെന്നുമാണ് പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയമ്മ പറയുന്നത്. ഈ വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
എന്നാൽ വാഹനത്തിൽ അലിമുക്ക് വഴി അച്ചൻകോവിലിലെത്തി ചോദ്യ പേപ്പർ ശേഖരിക്കാമെന്ന് അറിയിച്ചെങ്കിലും റോഡ് മേശമായതിനാൽ ടാക്സി വാഹനങ്ങൾ പോകില്ലെന്ന് പറഞ്ഞ് ഓഫീസർ ഒഴിഞ്ഞു മാറുകയായിരുന്നു. അലിമുക്ക് -അച്ചൻകോവിൽ വനപാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡിൽ മെറ്റൽ പാകിയിരിക്കുകയാണ്. എന്നാൽ ഇതുവഴി കാർ, ജീപ്പ്, കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള എല്ലാ വാഹനങ്ങളും ദിവസവും സർവീസ് നടത്തുന്നുണ്ടെന്ന് അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സന്തോഷ് അറിയിച്ചു.
തമിഴ്നാട്ടിലെ ചെങ്കോട്ട വഴി വേണം അച്ചൻകോവിൽ സ്കൂളിൽ എത്തേണ്ടത്. കോട്ടവാസലിൽ വാഹനങ്ങൾ കടത്തി വിടാത്തതിനാലാണ് ചോദ്യ പേപ്പർ ഏറ്റെടുക്കുന്നത് നീണ്ട് പോകുന്നത്. വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വിജയമ്മ , പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ