phot
തമിഴ്നാട്ടിലേക്ക് പോകാൻ എത്തിയ യാത്രക്കാരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾക്ക് വിധേയമാക്കുന്നു

പുനലൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പൊലീസ് അതിർത്തിയിലെ കോട്ടവാസലിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച മുതലാണ് ഇവിടത്തെ നിയന്ത്രണം കർശനമാക്കിയത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പച്ചക്കറി കയറ്റാൻ പോകുന്ന വാഹനങ്ങളെ മാത്രമാണ് കോട്ടവാസൽ വഴി തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. ദേശീയ പാതയിലെ കോട്ടവാസലിൽ ബാരിക്കേട് സ്ഥാപിച്ച് തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടയുകയാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന എല്ലാ ബസുകളും ആര്യങ്കാവ് ഡിപ്പോയിൽ സർവീസ് അവസാനിപ്പിച്ച ശേഷം തിരികെ മടങ്ങി. കേരളത്തിൽ നിന്ന് കോട്ടവാസൽ വരെ സർവീസ് നടത്തിയിരുന്ന ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കിയിരുന്നു. പിന്നീട് കോട്ടവാസലിൽ നിന്ന് തമിഴ്നാട് ബസിൽ കയറിയാണ് യാത്രക്കാർ ചെങ്കോട്ടയിലും തെങ്കാശിയിലും പോയത്.

ബൈക്കുകളെയും തടയുന്നു

കേരളത്തിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങളെ പോലും തമിഴ്നാട്ടിലെക്ക് കടത്തി വിടുന്നില്ല. കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന ബസുകൾ ഇന്നലെ ഉച്ചവരെ കോട്ടവാസലിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ച് പോവുകയായിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

ആര്യങ്കാവ് ഡിപ്പോയിൽ ഇറങ്ങുന്ന തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർ നാല് കിലോമീറ്റർ നടന്ന് കോട്ടവാസലിൽ എത്തുകയാണ്. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം തമിഴ്നാട്ടിലേക്കുള്ള ബസിൽ കയറിയാണ് യാത്ര തുടരുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷം കടത്തി വിടുന്നുണ്ട്.