c
നീണ്ടകരയിൽ മത്സ്യലേലത്തിന് തടിച്ച് കൂടിയവർ

കൊല്ലം: സുരക്ഷാ മാനദണ്ഡങ്ങളെയും വിലക്കിനെയും വെല്ലുവിളിച്ച് മത്സ്യബന്ധന തുറമുഖങ്ങളായ നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ നടന്ന മത്സ്യലേലത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ ലേലം തുടർന്നു. ഇന്നലെ പുലർച്ചെ 4 മണിമുതൽ ആരംഭിച്ച ലേല നടപടികൾ ബോട്ടുകളിലെത്തിയ മത്സ്യം തീർന്ന ശേഷമാണ് അവസാനിച്ചത്. വാങ്ങാനെത്തിയ ചെറുകിട, വൻകിട കച്ചവടക്കാർ, ലേലക്കാർ, ബോട്ട് ജീവനക്കാർ, ഉടമകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരാണ് ഇവിടെ തടിച്ചുകൂടിയത്.

21ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അദ്ധ്യക്ഷതയിൽ കൊല്ലത്ത് അടിയന്തര യോഗം ചേർന്ന് മത്സ്യബന്ധന മേഖലയിൽ ശക്തമായ ഇടപെടൽ നടത്താനും ലേല നടപടികൾ നിരോധിക്കാനും തീരുമാനിച്ചിരുന്നു. ഞായറാഴ്ച ജനതാ കർഫ്യു ആയതിനാൽ ഹാർബർ പ്രവർത്തിച്ചില്ല. എന്നാൽ ഇന്നലെ ചെറുകിട മത്സ്യ വ്യാപാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പുലർച്ചെതന്നെ നീണ്ടകര, ശക്തികുളങ്ങര, വാടി മത്സ്യബന്ധന മേഖലകളിലേക്ക് പതിവുപോലെ എത്തുകയായിരുന്നു.
ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടും ലേല നടപടികൾ തുടർന്നതോടെ എ.സി.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി. അതേ സമയംതന്നെ നീണ്ടകരയിലും ലേലംവിളി തകൃതിയായി നടന്നു. മത്സ്യലഭ്യത കുറവായതിനാൽ ബോട്ടുകളിൽ എത്തിയതെല്ലാം വൻ തുകയ്ക്കാണ് ലേലം പോയത്. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥലത്തിൽ ഉണ്ടായ വീഴ്ചയാണ് രണ്ട് ഹാർബറുകളിലും ഇന്നലെ പതിവുപോലെ ലേലം നടക്കാൻ കാരണം. പൊലീസ് ലേലം നടക്കുന്നതായി വിവരം അറിയിച്ചതിനെ തുടർന്നാണ് നേരത്തെ തന്നെ ഇടപെടേണ്ട ഫിഷറീസ്, ഹാർഹബർ എൻജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.