ആംബുലൻസ് രണ്ട് കരണം മറിഞ്ഞു
രോഗിയായ യുവതിക്ക് ഗുരുതര പരിക്ക്
അഞ്ചാലുംമൂട്: ബൈപാസിൽ കടവൂർ ഒറ്റക്കൽ ജംഗ്‌ഷനിൽ കാറിലിടിച്ച് നിയന്ത്രണംവിട്ട ആംബുലൻസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ആംബുലൻസിലുണ്ടായിരുന്ന രോഗിയായ യുവതിക്ക് ഗുരുതര പരിക്ക്. പാരിപ്പള്ളി സ്വദേശി നീതു (27) വിനാണ് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. എറണാകുളത്തെ ആശുപത്രിയിൽ കാലിന് ശസ്ത്രക്രിയ നടത്തിയ ശേഷം പാരിപ്പള്ളിയിലെ വീട്ടിലേക്ക് നീതുവും അമ്മയും ആംബുലൻസിൽ വരികയായിരുന്നു. സിഗ്നൽ തെറ്റിച്ച് കൊല്ലത്ത് നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറിന്റെ മുന്നിൽ വേഗതയിലെത്തിയ ആംബുലൻസ് ഇടിച്ച് നിയന്ത്രണം വിട്ട് കൊട്ടിയം ഭാഗത്തേക്കുള്ള സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ടുകരണം മറിഞ്ഞ ആംബുലൻസിൽ ഉണ്ടായിരുന്നവരെ സമീത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്.
ആംബുലൻസ് ഡ്രൈവർക്കും നീതുവിന്റെ മാതാവിനും നിസാര പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും റിക്കവറി വാഹനത്തിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.