road2
വീതി കുറഞ്ഞ് അപകടകരമായ നിലയിൽ സ്ഥിതി ചെയ്തിരുന്ന ആനക്കുഴി പാലത്തിന് വീതികൂട്ടുന്നു

ഓച്ചിറ: ടാറിംഗ് പൂർത്തിയാക്കിയ ശേഷം അനുബന്ധ ജോലികൾ പൂർത്തിയാക്കാതെ കോൺട്രാക്ടർ ഉപേക്ഷിച്ച വവ്വാക്കാവ് - മണപ്പള്ളി റോഡിലെ അനുബന്ധ ജോലികൾ പുനരാരംഭിച്ചു. വവ്വാക്കാവ് മുതൽ മണപ്പള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച റോഡിന്റെ ടാറിംഗ് പൂർത്തിയായ ശേഷം കോൺട്രാക്ടർ പണി ഉപേക്ഷിച്ചതിനെക്കുറിച്ച് ഫെബ്രുവരി 24ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. കഴിഞ്ഞ മേയ് 31ന് പണി പൂർത്തിയാക്കേണ്ടതായിരുന്നു. 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ റോഡിനായി ഫണ്ട് വകയിരുത്തിയെങ്കിലും പല കാരണങ്ങളാൽ പണി നീണ്ടുപോവുകയായിരുന്നു. ബി.എം.ബി.സി രീതിയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പലഭാഗങ്ങളിലായി 700 മീറ്റർ നീളത്തിൽ ഓടയും പണിതിട്ടുണ്ട്. ടാറിംഗിന്റെ വശങ്ങളിൽ ഗ്രാവൽ ഇടണമെന്നും ആനക്കുഴി പാലത്തിന് വീതികൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് എസ്റ്റിമേറ്റ് റിവിഷൻ നടത്തിയ ശേഷമാണ് പണി ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് നടത്തി ബലപ്പെടുത്തുന്ന ജോലികൾ ഉടൻ ആരംഭിക്കും.

ഒാടകളിൽ സ്ലാബ് ഇടുന്നു

പുതുതായി നിർമ്മിച്ച ഓടകൾ ടാറിംഗിനോട് ചേർന്ന് മേൽമൂടിയില്ലാത്ത അവസ്ഥയിലായിരുന്നതിനാൽ അപകടങ്ങൾ പതിവായിരുന്നു. ഒാടകൾക്ക് മുകളിൽ സ്ളാബ് ഇടുന്ന ജോലി പൂർത്തിയായി വരുന്നു. പുതുതായി നിർമ്മിച്ച ഓടകൾ എല്ലാം സ്ളാബ് ഉപയോഗിച്ച് മൂടുന്ന പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. റോഡിനോട് ചേർന്ന് അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് ഇനി അവശേഷിക്കുന്നത്.

ആനക്കുഴി പാലം

തഴവ, കുലശേഖരപുരം പഞ്ചായത്തുകളെ വേർതിരിക്കുന്ന പാറ്റുവേലിൽ തോടിന് കുറുകേയുള്ള ആനക്കുഴി പാലത്തിന്റെ വീതികൂട്ടാനുള്ള പണി ആരംഭിച്ചു. വീതികുറഞ്ഞ് അപകടകരമായ നിലയിൽ സ്ഥിതിചെയ്തിരുന്ന ആനക്കുഴി പാലം വീതി കൂട്ടി ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്. നിലവിലുള്ള പാലത്തിന്റെ വീതി കുറവായിരുന്നതിനാൽ ഇവിടെ അപകടങ്ങൾ പതിവായിരുന്നു.