പുനലൂർ: കൊറോണ വൈറസ് പടരുന്നത് തടയാൻ പുനലൂർ നഗരസഭയിലെ പവർ ഹൗസ് വാർഡിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡ്തല ജാഗ്രതാ സമിതിയുടെ തീരുമാന പ്രകാരമാണ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. വാർഡിലെ വിവിധ വീടുകളിൽ എത്തുന്നവർക്ക് കൈകൾ കഴുകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വീടുകളുടെ മുൻ വശത്ത് ഓരോ ബക്കറ്റ് വെള്ളവും കപ്പും സോപ്പും സാനിറ്റൈസറും സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരും കൈകൾ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ വീടുകൾക്കുള്ളിലേക്ക് പ്രവോശിക്കാവൂ എന്നാണ് വാർഡുതല സാനിറ്റേഷൻ കമ്മിറ്റിയുടെ നിർദ്ദേശം. വിദേശ രാജ്യങ്ങൾക്ക് പുറമേ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാർഡിൽ എത്തിയവരെ നിരീക്ഷിക്കാനും വാർഡ് ജാഗ്രതാ സമിതി തീരുമാനിച്ചു. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ ജി. ജയപ്രകാശ് അറിയിച്ചു. വാർഡിലെ ആശാവർക്കർമാർ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടകൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.