കുന്നത്തൂർ: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശക്തമായ നിർദ്ദേശങ്ങൾ അവഗണിച്ച് മത്സ്യ, മാംസ മാർക്കറ്റുകളിൽ തിരക്കേറുന്നു. കുന്നത്തൂർ താലൂക്കിലെ പ്രധാന മത്സ്യ മാർക്കറ്റായ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ മുൻകരുതലുകൾക്ക് പുല്ലുവില കല്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. രാവിലെ പത്തോടെ കച്ചവടം സജീവമാകുന്ന ആഞ്ഞിലിമൂട് ചന്തയിൽ മീൻ വിൽക്കാനും വാങ്ങാനുമായി സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. ഉച്ചയോടെ കച്ചവടം അവസാനിക്കുന്ന ഇവിടേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്താറുണ്ട്. മാർക്കറ്റിലെത്തുന്നവർ ശുചിത്വവും അകലവും പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് മത്സ്യം വാങ്ങാൻ നിൽക്കുന്നത്. കൊറോണയുടെ സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശവും ഇവിടെ ലംഘിക്കപ്പെടുകയാണ്. കൈ കഴുകാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇന്നലെ ചന്തയിൽ അനുഭവപ്പെട്ട അനിയന്ത്രിത തിരക്ക് ഒഴിവാക്കാൻ പൊലീസും ആരോഗ്യ വകുപ്പും ഇടപെടാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് കോൺഗ്രസ് നേതാവായ ദിനകർ കോട്ടക്കുഴി നിരവധി തവണ 'ദിശ'യുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മാർക്കറ്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാവുകയായിരുന്നു.
മാർക്കറ്റുകളുടെ പ്രവർത്തനം നിറുത്തി
സംഭവം വിവാദമായതോടെ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന എല്ലാ മാർക്കറ്റുകളുടെയും പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ശാസ്താംകോട്ട, ആഞ്ഞിലിമൂട്, ഭരണിക്കാവ്, പഴയ ബസ് സ്റ്റാൻഡ്, പുന്നമൂട്, ഫിൽട്ടർ ഹൗസ് തുടങ്ങിയ മാർക്കറ്റുകളുടെ പ്രവർത്തനമാണ് നിറുത്തിവച്ചത്.
അനധികൃത മാർക്കറ്റുകളും മത്സ്യ സ്റ്റാളുകളും
ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, ശൂരനാട് തെക്ക്, വടക്ക്, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെയും മുൻ കരുതലുകളെയും കാറ്റിൽപ്പറത്തി നിരവധി അംഗീകൃത, അനധികൃത മാർക്കറ്റുകളും മത്സ്യ സ്റ്റാളുകളുമാണ് പ്രവർത്തിച്ചു വരുന്നത്. പ്രധാന പാതയോരങ്ങൾ കൈയേറി സ്ഥാപിച്ചിട്ടുള്ള മത്സ്യ സ്റ്റാളുകൾ ഗതാഗത തടസത്തിനൊപ്പം അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. എന്നാൽ ഇവയ്ക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകളും ആരോഗ്യ വകുപ്പ് അധികൃതരും തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.