book
കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നൽകാനുള്ള പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആരോഗ്യ പ്രവർത്തകർക്ക് കൈമാറുന്നു

തൊടിയൂർ: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശയാത്ര കഴിഞ്ഞു വന്നവരുൾപ്പടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വിരസതയകറ്റാൻ വീടുകളിൽ പുസ്തകം എത്തിത്തുടങ്ങി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. രോഗബാധിതരല്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്തത്. ഒന്നാം ഘട്ടമായി 28 ഓളം പേർക്ക് ഗ്രന്ഥശാലാ പ്രവർത്തകർ പുസ്തകങ്ങൾ എത്തിച്ചു നൽകി. രണ്ടാം ഘട്ടമായി നൽകുന്ന പുസ്തകങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പുസ്തകങ്ങൾ കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്ത് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. നേതൃസമിതി കൺവീനർ ബ്രൈറ്റ്സൺ, സുനിൽ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരുടെ റിസൾട്ട് നെഗറ്റീവാണെങ്കിലും 15 ദിവസം കഴിഞ്ഞേ പുസ്തകങ്ങൾ തിരികെ വാങ്ങുകയുള്ളൂ. ഈ പുസ്തകങ്ങൾ പിന്നീട് ഹ്യൂമിനേഷൻ നടത്തി മാത്രമേ തിരികെ ഗ്രന്ഥശാലകളിൽ എത്തിക്കുകയുള്ളൂവെന്നും ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.