കൊല്ലം: കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ സാമൂഹ്യമായ ഇടപെടൽ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നടപടിയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ആവശ്യപ്പെട്ടു. കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന്ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലായിരിക്കും ലോക്ക് ഡൗൺ നടപ്പാക്കുക. അരിയും പലചരക്കും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിപണനം ഉണ്ടാകും. ജില്ലയിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും കടകൾ തുറന്നിരിക്കുക. അതുകൊണ്ട് തന്നെ കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനങ്ങൾ തിക്കുംതിരക്കും കൂട്ടേണ്ടതില്ല.
ജില്ലയിൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിൽ ജനങ്ങൾ തെരുവിൽ തടിച്ചുകൂടാൻ ശ്രമിക്കരുത്. അനാവശ്യയാത്രകൾ ഒഴിവാക്കണം. വൈകുന്നേരങ്ങളിൽ പാർക്കുകളിലും ലൈബ്രറികളിലും പോകുന്ന ശീലം തത്കാലത്തേക്ക് ഉപേക്ഷിക്കണം.കോവിഡ്രോഗം സംബന്ധിച്ച് ജില്ലയ്ക്ക് ആശങ്കപ്പെടേണ്ട അവസ്ഥയില്ല.
ജനങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നിലവിലെ സാഹചര്യം നുമുക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ജില്ലയിലെ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും മത്സ്യലേലം നിരോധിച്ചു. വലിയതോതിൽ മത്സ്യലേലങ്ങൾ നടക്കുന്ന നീണ്ടകര, ശക്തികുളങ്ങര അടക്കമുള്ള ഹാർബറുകളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഹാർബർ അടച്ചിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.