photo

കൊല്ലം: ദേശീയപാതയിൽ ചവറയിൽ ബൈക്കും മിനി ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചവറ പഴഞ്ഞിക്കാവ് വടക്കേ തളിയാഴത്ത് വീട്ടിൽ ശശിധരൻ പിള്ളയുടെ മകൻ ജയപ്രകാശ് (ചിക്കു-34), ചവറ കോട്ടയ്ക്കകത്ത് വസന്തവിഹാറിൽ രാകേഷ് (38) എന്നിവരാണ് മരിച്ചത്. മിനി ബസിലെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബേപ്പൂരിൽ നിന്നും വന്ന മിനി ബസും എതിർ ദിശയിൽ നിന്നുവന്ന ബൈക്കുമായിട്ടാണ് കൂട്ടിയിടിച്ചത്. രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഇടിയെത്തുടർന്ന് രണ്ട് വാഹനങ്ങളും പൂർണമായും തകർന്നു. റോഡരികിലെ ബദാം മരത്തിൽ ഇടിച്ചാണ് മിനി ബസ് നിന്നത്. അപകടത്തെത്തുടർന്ന് സംഭവ സ്ഥലത്തുവച്ചുതന്നെ ജയപ്രകാശ് മരിച്ചു. രാകേഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.45ന് മരണപ്പെട്ടു. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചവറ പൊലീസ് കേസെടുത്തു.