photo

കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കൊല്ലത്തെ ഗ്രാമ പ്രദേശങ്ങൾ സജീവം, പൊലീസ് ഇടപെടും. രാവിലെ മുതൽ മിക്കവരും റോഡിലും കടകമ്പോളങ്ങളിലുമെത്തി. ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും കാര്യമായ ശ്രദ്ധ രാവിലെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളും മറ്റും സാധാരണപോലെ പ്രവർത്തിച്ചു. ലോക്ക് ഡൗണിന്റെ വിശേഷങ്ങൾ പറയുകയായിരുന്നു മിക്കവരും. സംശയങ്ങളും ഉത്തരങ്ങളും നീണ്ടുപോകുമ്പോഴും തങ്ങൾ അത് ലംഘിക്കുകയാണെന്ന ചിന്ത അവർക്കുണ്ടായില്ല.

അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഫ്രൂട്ട്സ് വിൽപ്പനയ്ക്ക് തടസമില്ലെന്ന വാദം ഉന്നയിച്ചാണ് വാഹനങ്ങളിൽ പഴവർഗങ്ങളുടെ വിൽപ്പന. മത്സ്യ വിൽപ്പനക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഗ്രാമവഴികളിലൂടെ ചിലരെത്തി. ബോധവത്കരണം കൊണ്ട് ഫലമില്ലെങ്കിൽ ഇനി ചൂരൽക്കഷായം വേണ്ടിവരുമെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലത്ത് ചിന്നക്കടയിൽ പതിവുപോലെ സ്റ്റാന്റിൽ ഇടംനേടിയ ഓട്ടോക്കാരുമായി പൊലീസ് വാക്കേറ്റത്തിലായി. ജീവിക്കാൻ വേണ്ടിയാണ് ഓട്ടത്തിനെത്തിയതെന്നായിരുന്നു ഓട്ടോക്കാരുടെ വാദം. ജീവിക്കണേൽ വീട്ടിൽകേറിപ്പോടാ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. പട്ടണത്തിലും രാവിലെ മുതൽ ആളുകൾ എത്തിയെങ്കിലും പൊലീസ് ഇവരെ തിരികെ വീടുകളിലേക്ക് അയച്ചു. അത്യാവശ്യക്കാർ അല്ലാതെ ആരും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.