കൊല്ലം: ചവറ പൈപ്പ് റോഡിൽ നെറ്റിയാട്ട് മുക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ടോറസ് ലോറി കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ചവറ തേവലക്കര കല്ലയ്യത്ത് വീട്ടിൽ അൻസറിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ഓട്ടം കഴിഞ്ഞെത്തിയ ലോറി ഇവിടെ പാർക്ക് ചെയ്ത ശേഷം ജീവനക്കാർ വീടുകളിലേക്ക് പോയിരുന്നു. സാധാരണ ഇവിടെ വാഹനം പാർക്ക് ചെയ്യാറില്ല. പുലർച്ചെ മൂന്നരയോടെയാണ് ലോറിക്ക് തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ലോറി പൂർണമായും കത്തി നശിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരും ലോറിക്കടുത്തേക്ക് പോകുന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.