ചവറ: ദേശീയപാതയിൽ ചവറ നല്ലേഴുത്ത് മുക്കിൽ ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ചവറ പഴഞ്ഞിക്കാവ് വടക്കേ താളിയാരത്ത് വീട്ടിൽ ജയപ്രകാശ് (ചിക്കു- 34), ചവറ കോട്ടയ്ക്കകം വസന്തവിഹാറിൽ രാകേഷ് (39) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ബേപ്പൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളുമായി കളിയിക്കാവിളയിലേക്ക് പോയ ടെമ്പോട്രാവലർ എതിരേവന്ന ബൈക്കിലിടിച്ചുകയറുകയായിരുന്നു. ടെമ്പോ മരത്തിലിടിച്ചാണ് നിന്നത്. ട്രാവലർ ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ നിന്ന് തെറിച്ചുവീണ ജയപ്രകാശ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളിയായ ജയപ്രകാശ് ശശിധരൻ പിള്ളയുടെയും സുഷമയുടെ മകനാണ്. ഭാര്യ വിജയലക്ഷ്മി, മകൻ ദേവൻ(4), സഹോദരി ജയലക്ഷ്മി. റിട്ട.കെ.എം.എം.എൽ. ജീവനക്കാരൻ രവീന്ദ്രൻ നായരുടെയും പരേതയായ വസന്തകുമാരിയുടെയും മകനാണ് മരിച്ച രാകേഷ്. ഡ്രൈവറായിരുന്നു. സഹോദരൻ രാജേഷ് (വാട്ടർ അതോറിറ്റി).