നിയന്ത്രണത്തിന്റെ മറവിൽ അമിത വില ഈടാക്കുന്നെന്ന് പരാതി
തഴവ: കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാന തലത്തിൽ കർശനമായ നിയന്ത്രണങ്ങൾ വന്നതോടെ തഴവ - കുലശേഖരപുരം പഞ്ചായത്തുകളുടെ ഉൾനാടൻ മേഖലകൾ പോലും നിശ്ചലമായി. പൊതുവേ തിരക്കേറിയ വവ്വക്കാവ് - മണപ്പളളി, പുതിയകാവ് - ചക്കുവള്ളി റോഡുകളിൽ പോലും അപൂർവമായി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത്.
ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി മേഖലകളിലെ പ്രധാന മാർക്കറ്റുകൾ അതത് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നേരത്തേതന്നെ അsച്ചിരുന്നു. പുതിയ നിയന്ത്രണത്തിന്റെ മറവിൽ ചെറുകിട കച്ചവടക്കാർ കഴിഞ്ഞ ദിവസം മത്സ്യത്തിന് വൻ വിലയാണ് ഈടാക്കിയത്. മത്സ്യത്തെ കൂടാതെ പച്ചക്കറികൾക്കും അമിത വിലയാണ് ഈടാക്കുന്നത്. പലരും ഭക്ഷ്യ സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടാൻ ശ്രമിച്ചതും വില വർദ്ധിപ്പിക്കാൻ കച്ചവടക്കാർക്ക് പ്രേരണയായി.
നിയന്ത്രണം വന്ന് ഒറ്റ ദിവസത്തിനുള്ളിൽ പച്ചക്കറി വിലയിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.