കൊല്ലം: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും അനാവശ്യമായി പുറത്തിറങ്ങിയവരെ പിടികൂടാൻ ജില്ലാ കളക്ടറും പോലീസ് മേധാവിമാരും നിരത്തിലിറങ്ങി. കൊല്ലം ചിന്നക്കടയിൽ കളക്ടർ ബി. അബ്ദുൾനാസർ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ എന്നിവർ സംയുക്ത പരിശോധന നടത്തി. വാഹനങ്ങൾ തടഞ്ഞ് യാത്രയുടെ കാരണങ്ങൾ തിരക്കി. ലക്ഷ്യമില്ലാതെ കാഴ്ച കാണാൻ ഇറങ്ങിയവരെ മടക്കി അയച്ചു. തുടർന്നും തെറ്റ് ആവർത്തിച്ചാൽ ശക്തമായ നിയമനടപടിയും അറസ്റ്റും നേരിടേണ്ടി വരുമെന്ന് കളക്ടർ നേരിട്ട് മുന്നറിയിപ്പ് നൽകി.
വിഷയത്തിന്റെ ഗൗരവം ഒപ്പമുള്ള ഉദ്യോഗസ്ഥ സംവിധാനത്തെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്താൻ രാവിലെ പത്തു മുതൽ ഒരു മണിക്കൂറിലേറെ സമയം ഇരുവരും ചിന്നക്കടയിൽ നിന്ന് മാറാതെ നിന്നു. കർശനമായ നിലപാടാണ് കാഴ്ചകാണാനും ആഘോഷിക്കാനും ഇറങ്ങിയവർക്കെതിരെ സിറ്റി പൊലീസ് സ്വീകരിച്ചത്. നിർദേശങ്ങളുടെ സമയം കഴിഞ്ഞെന്നാണ് പൊലീസ് നിലപാട്.
കൊല്ലം റൂറലിൽ എസ്.പി ഹരിശങ്കർ നേരിട്ടെത്തി അഞ്ചൽ, പുനലൂർ, പത്തനാപുരം തുടങ്ങിയ ഭാഗങ്ങളിൽ പരിശോധനകൾ ഏകോപിപ്പിച്ചു. എല്ലാ പ്രധാന കവലകളിലും പൊലീസ്, വാഹനം തടഞ്ഞ് യാത്രാ വിവരം തിരക്കി. അനാവശ്യ യാത്ര ചെയ്തവരെ മടക്കിഅയച്ചു. നിർദേശം അവഗണിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്റ്റേഷൻ പരിധികളിൽ വാഹനങ്ങളിലൂടെ അനൗൺസ്‌മെന്റ് നടത്തി. ഇന്ന് മുതൽ കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ എന്ന നിർദേശം അവഗണിച്ച് പ്രവർത്തിച്ച കടകൾ പൊലീസും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് അടപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന അനൗൺസ്‌മെന്റ് നടത്തി.
കാഴ്ചകൾ കാണാനിറങ്ങിയവർക്കെതിരെ കേസ്
നിർദേശങ്ങൾ അവഗണിച്ച് കാഴ്ചകാണാൻ ഇറങ്ങിയവർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. ഇത്തരക്കാരെ നിരീക്ഷിക്കാനും തുടർന്നും ആഘോഷമായി ഒത്ത ചേരാനും കാഴ്ചകൾ കാണാനും ഇറങ്ങിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
......................
അനാവശ്യ യാത്രകൾ ഒഴിവാക്കണം. കാഴ്ചകൾ കാണാനായി നിരത്തിലിറങ്ങിയാൽ അറസ്റ്റും നിയമ നടപടിയും നേരിടേണ്ടി വരും.
ബി. അബ്ദുൾനാസർ, ജില്ലാ കളക്ടർ
.......................................
ഉപദേശ നിർദേശങ്ങളുടെ സമയം കഴിഞ്ഞു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി. ഇന്നലെ ഉച്ചവരെ മാത്രം 15 പേർക്കെതിരെ കേസെടുത്തു
ടി. നാരായണൻ, സിറ്റി പോലിസ് കമ്മിഷണർ
.................................
കാഴ്ച കാണാൻ റോഡിൽ ഇറങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ കേസെടുത്തു തുടങ്ങും. എല്ലാ പ്രധാന കവലകളിലും പോലീസ് പരിശോധന നടത്തുകയാണ്.
ഹരിശങ്കർ റൂറൽ എസ്. പി