കരുനാഗപ്പള്ളി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കരുനാഗപ്പള്ളിയിൽ പൂർണം. ജനങ്ങളിൽ ഭൂരിപക്ഷവും ഇന്നലെ വീടുകളിൽ തന്നെ കഴിച്ചുകൂട്ടി. ടൗണിൽ ജനത്തിരക്ക് കുറവായിരുന്നു. രാവിലെ മുതൽ പൊലീസ് ദേശീയപാതയിൽ വാഹന പരിശോധന കർശനമാക്കി. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയുമുൾപ്പടെ പൊലീസ് പരിശോധനയ്ക്ക് വിധേയരാക്കി. ആളുകളെ കൂട്ടം കൂടി നിൽക്കാനും അനുവദിച്ചില്ല. എ.സി.പി വിദ്യാധരന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോഡുകളുമായി വന്ന ലോറികളും പൊലീസ് പരിശോധിച്ചു. ദേശീയപാത ഉൾപ്പെടയുള്ള റോഡുകൾ വിജനമായിരുന്നു. സർക്കാരിന്റെ നിർദ്ദേശം ജനങ്ങൾ പൂർണമായും അനുസരിക്കുന്ന പ്രതീതിയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. പൊതു വാഹനങ്ങൾ ഒന്നും ഇന്നലെ നിരത്തിൽ ഇറങ്ങിയില്ല. ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന മിനി സിവിൽ സ്റ്റേഷനും പൊലീസ് സ്റ്റേഷനും ഒഴിഞ്ഞ് കിടന്നു. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവായിരുന്നു.
അനാഥ മന്ദിരങ്ങളിൽ കഴിയുന്നവരുടെ ജീവിതം ദുരിതപൂർണം
നാട്ടുകാരുടെ സഹായം നിലച്ചതോടെ അനാഥ മന്ദിരങ്ങളിൽ കഴിയുന്നവരുടെ ജീവിതം ദുരിതപൂർണമായി. മിക്ക അനാഥ മന്ദിരങ്ങളിലും ഭക്ഷണ സാധനങ്ങൾ തീർന്നിരിക്കുകയാണ്. അനാഥാലയങ്ങളിലേക്ക് നാട്ടുകാർ നൽകി വന്നിരുന്ന സഹായങ്ങൾ കൊറോണ ഭീതിയിൽ നിറുത്തിയതാണ് ദുരിതത്തിന് കാരണം. അനാഥാലയങ്ങളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും 60ന് മുകളിൽ പ്രായമുള്ളവരാണ്. ഇവർക്ക് ഭക്ഷ്യസാധനങ്ങൾ നൽകുന്നതിൽ ജില്ലാ - താലൂക്ക് ഭരണകൂടങ്ങൾ ബന്ധപ്പെടണമെന്ന ആവശ്യം ശക്തമാവുകയാണ്. നിലവിൽ ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയറും കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും അനാഥാലയങ്ങൾക്ക് അത്യാവശ്യ സഹായങ്ങൾ ചെയ്യുന്നുണ്ട്.
പൊലീസ് ജാഗ്രതയിൽ
ആളുകൾ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള മത്സ്യ മാർക്കറ്റുകൾ, അവശ്യ സാധന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് നിതാന്ത ജാഗ്രതയിലായിരുന്നു. ടൗണിൽ മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ ലാബുകൾ, സൂപ്പർ മാർക്കറ്റുകൾ, പഴക്കടകൾ, പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. സൂപ്പർ മാർക്കറ്റുകളിൽ 5 പേരെ വീതം കയറ്റിയ ശേഷം ഷട്ടർ പാതി അടച്ചിടുകയായിരുന്നു.