കൊല്ലം: സംസ്ഥാനമാകെ ലോക്ക് ഡൗണിലേക്ക് കടന്നെങ്കിലും ജില്ലയിലെ സർക്കാർ ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചു. കളക്ടറേറ്റ്, കൊല്ലം നഗരസഭ, ജില്ലാ പഞ്ചായത്ത് തുടങ്ങി എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ ജോലിക്കെത്തിയിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ നിർദ്ദേശമില്ലാത്ത വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ മാത്രമാണ് അവധിയിലുള്ളത്. മറ്റുള്ളവർ വീട്ടിലും ഓഫീസിലും ഇരുന്ന് ജോലി ചെയ്യുകയാണ്.
കളക്ടറേറ്റിലെ ചില ഓഫീസുകളിൽ ഉൾപ്പെടെ മിക്കയിടത്തും പൊതുജനങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശനം നിഷേധിച്ചു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ അപേക്ഷകൾ ഇടനാണ് നിർദ്ദേശം. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം എന്നാണ് ഉത്തരവ്. ഉച്ചയ്ക്ക് രണ്ട് വരെയാക്കി ബാങ്കുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ ബാങ്കുകൾക്ക് മുന്നിലും വലിയ തിരക്ക് അനുഭവപെട്ടു. കൺസ്യൂമർ ഫെഡ്, സപ്ലൈകോ വില്പനശാലകളും ഓഫീസുകളും പ്രവർത്തിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായാണ് ഉദ്യോഗസ്ഥർ ഇടപെടുന്നത്.
കോടതികൾ ഏപ്രിൽ 8 വരെ അടച്ചു
ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികൾ ഒഴികെയുള്ള കോടതികൾ ഏപ്രിൽ എട്ടുവരെ അടച്ചു. പ്രതികളുടെ റിമാൻഡ്, റിമാൻഡ് പ്രതികളുടെ ജാമ്യം എന്നിവ മാത്രമേ പരിഗണിക്കുകയുളളൂ. അടിയന്ത ര പ്രാധാന്യമുള്ള കേസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ എല്ലാ കോടതികളും കേൾക്കും. കൊല്ലം ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, കാന്റീൻ എന്നിവ ഏപ്രിൽ എട്ടു വരെ അടച്ചു