കരുനാഗപ്പള്ളി: കൊറോണ ഭീതിയെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുതുടങ്ങി. ഇന്നലെ 304 രോഗികളാണ് പുതുതായി ചികിത്സ തേടി എത്തിയത്. പഴയ രോഗികൾ 134 പേരും. കൊറോണ വാർത്ത പരക്കുന്നതിന് മുമ്പ് 1500 ഓളം രോഗികൾ ഓരോ ദിവസവും ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. കിടക്കുന്ന രോഗികളിൽ പലരും നിർബന്ധമായി ഡിസ്ചാർജ്ജ് വാങ്ങി വീടുകളിലേക്ക് പോയി. രാവിലെ 8.30 ഒാടെ ഡോക്ടർമാർ ഒ.പിയിൽ എത്തുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊറോണ ഹെൽപ്പ് ഡെസ്ക്കിൽ 1041 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കൊല്ലം ജില്ലയിൽ നിന്നുള്ളതിന് പുറമേ ആലപ്പുഴ, പത്തനതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഇതിൽ 336 പേരെ ആശുപത്രി അധികൃതർ സ്ക്രീനിംഗിന് വിധേയമാക്കി. ഇതിൽ 61 പേർ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ താമസിക്കുന്നവരാണ്. 18 പേരുടെ രക്തസാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിസൾട്ട് ലഭിച്ച 15 പേരുടെ രക്ത സാമ്പിൾ നെഗറ്റീവാണ്. 3 പേരുടെ റിസൾട്ട് കൂടി ലഭിക്കാനുണ്ട്. 1041 പേരും നിലവിൽ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ട് പേർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കൊറോണ രജിസ്ട്രേഷന് വേണ്ടി എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്നലെ പുതുതായി ചികിത്സ തേടി എത്തിയത് 304 രോഗികൾ മാത്രം. പഴയ രോഗികൾ 134
നേരത്തേ 1500 ഓളം രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നത്
താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊറോണ ഹെൽപ്പ് ഡെസ്ക്കിൽ 1041 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.