കൊല്ലം: കേരളപ്പിറവിക്ക് മുമ്പും ജീവിച്ചിരുന്നവർ ഇപ്പോഴുമുണ്ടിവിടെ. ഇതുപോലൊരു അവസ്ഥ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ എല്ലാവരും അനുസരിക്കുന്നു. ഇതുപോലെ നാടൊന്നാകെ അനുസരണക്കൂട്ടമായി മാറിയ കാലമില്ല. കാലനില്ലാത്ത കാലമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇത്തരമൊരു അനുസരണാശീലം കേരളക്കാർക്ക് ആദ്യമെന്ന് കൊല്ലത്തിന്റെ പൗരാവലി നിസംശയം വെളിപ്പെടുത്തി. ചൊവ്വാഴ്ച നേരം പുലർന്നത് റോഡിലെല്ലാം പൊലീസുമായാണ്.
രാവിലെ നിരത്തുകളിൽ കറങ്ങാനെത്തിയവരെ കൂട്ടംകൂടി നിന്നിടത്ത് നിന്നെല്ലാം പൊലീസ് ഓടിച്ചു. രാവിലെ നടക്കാനിറങ്ങിയവരുടെ എണ്ണവും ഏറെക്കുറവായിരുന്നു. പ്രഭാതം മുതൽ നിരത്തിൽ വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രം കണ്ടു. മരണത്തിനോ ആശുപത്രി ആവശ്യങ്ങൾക്കോ പോയവരായിരുന്നു അവർ.10 മണിയോടെ പൊലീസും കളക്ടറുമെല്ലാം ജാഗരൂകരായി. തിരക്കേറിയ നഗരങ്ങളായ ചിന്നക്കട, കരുനാഗപ്പള്ളി, കൊട്ടാരക്കര, അഞ്ചൽ, ആയൂർ, പാരിപ്പള്ളി എന്നിവിടങ്ങളെല്ലാം ഹർത്താൽ പ്രതീതിയായിരുന്നു.
30 ശതമാനം കടകൾ മാത്രമാണ് തുറന്നത്. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നെങ്കിലും പൊലീസും എക്സൈസും ആൾക്കൂട്ടത്തെ നിയന്ത്രിച്ചു.
നിയമംലംഘിച്ചവരെ അറസ്റ്റ് ചെയ്ത വിവരമറഞ്ഞതോടെ പലരും അനാവശ്യ യാത്രകൾ ഒഴിവാക്കി. പൂഴ്ത്തിവയ്പുകാരെ പിടികൂടാൻ കളക്ടർ കൊല്ലത്തെ കടകളിൽ കയറിയതും എല്ലാവർക്കും താക്കീതായി. ക്ഷേത്രങ്ങളെല്ലാം ഉത്സവങ്ങൾ മാറ്റി. മാളുകളിൽ ആളില്ലാതായി.