റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ
കൊല്ലം: മയ്യനാട് റെയിൽവേ മേല്പാലം നിർമ്മാണത്തിന് മുന്നോടിയായുള്ള സാമൂഹ്യാഘാത പഠനം തുടങ്ങി. പാലം നിർമ്മാണത്തിന്റെ ആവശ്യകത, സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം, ഇവ പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ചാണ് പഠനം.
എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് പഠനം നടത്തുന്നത്. വിശദമായ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കും. റിപ്പോർട്ട് പ്രസിദ്ധീകരിച്ചാലുടൻ പാലം നിർമ്മാണത്തിന്റെ ടെണ്ടർ നടപടികളിലേക്ക് കടക്കും. ഒന്നരവർഷത്തെ കാലവാധിയിലാകും നിർമ്മാണ കരാർ നൽകുക.
മയ്യനാട്ടുകാർക്ക് ആശ്വാസം
ഇടയ്ക്കിടെയുള്ള റെയിൽവേ ഗേറ്റടവ് കാരണം മയ്യനാട് ജംഗ്ഷൻ ഗതാഗതകുരുക്കിൽ അമരുന്നത് നിത്യസംഭവമാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ ഗതാഗതകുരുക്കിൽപ്പെട്ട് മരണം സംഭവിക്കുന്നതും പതാവായി മാറി. മേല്പാലം യാഥാർത്ഥ്യമാകുന്നതോടെ മയ്യനാട് നിവാസികൾ കാലങ്ങളായി നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
26.25 കോടി രൂപയുടെ പദ്ധതി
എട്ട് സർവ്വേ നമ്പരുകളിൽ നിന്നായി 249 സെന്റ് ഭൂമിയാണ് മേല്പാലം നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പിനടക്കം 30.56 കോടി രൂപയുടെ പദ്ധതിയാണ് നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ കിഫ്ബിക്ക് സമർപ്പിച്ചത്. എന്നാൽ 26.25 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. പാലം നിർമ്മാണത്തിന് മാത്രം 18 കോടി രൂപ വേണ്ടി വരും.
പാലം രൂപകല്പന
208 മീറ്ററാണ് പാലത്തിന്റെ നീളം. ഇതിൽ കൊട്ടിയം - മയ്യനാട് ഭാഗത്ത് നിന്ന് 78 മീറ്റർ നീളത്തിലും മറുവശത്ത് 100 മീറ്റർ നീളത്തിലും അപ്രോച്ച് റോഡാണ്. 10.2 മീറ്റർ വീതിയുള്ള പാലത്തിന്റെ ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും.
പദ്ധതി തുക: 26.25 കോടി
ഏറ്റെടുക്കുന്നത്: 249 സെന്റ് ഭൂമി
പാലത്തിന്റെ നീളം: 208 മീറ്റർ
വീതി: 10.2 മീറ്റർ
ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത