thirakk
പത്തനാപുരം മാർക്കറ്റിലെ തിരക്ക്

അവശ്യ സാധനങ്ങൾക്കായി കടകളിൽ തിരക്ക്; പൊലീസ് തിരിച്ചയച്ചു

പത്തനാപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിദേശത്തു നിന്ന് വന്ന 620 പേരാണ് പത്തനാപുരം താലൂക്കിലെ ആറ് പഞ്ചായത്തുകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. രാവിലെയും വൈകിട്ടുമായി ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്. കൂടാതെ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ബോധവത്കരണം തുടരുകയാണ്. ലോക് ഡൗണിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായതോടെ നഗരത്തിൽ രാവിലെ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കൂടി. ഇതോടെ പൊലീസിന്റെ നേതൃത്വത്തിൽ യാത്രക്കാരെ ബോധവത്കരിച്ചു. അവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി പലചരക്ക്, പച്ചക്കറി കടകളിൽ ഇന്നലെ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുറന്ന് പ്രവർത്തിച്ച മറ്റ് സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെയും പൊലീസിന്റെയും നിർദ്ദേശത്തെ തുടർന്ന് അടച്ചു. ഉച്ചയ്ക്ക് ശേഷം പത്തനാപുരം, കുന്നിക്കോട് പട്ടണങ്ങളിൾ തിരക്ക് കുറഞ്ഞു. അവശ്യ സാധനങ്ങളുളള കടകൾ ഒഴികെ മറ്റ് വ്യാപാരികൾ കടകൾ അടച്ച് ലോക്ക് ഡൗണിന്റെ ഭാഗമായി.
തിങ്കളാഴ്ച രാത്രിയോടെ പച്ചക്കറികൾ തമിഴ്‌നാട്ടിൽ നിന്ന് എത്തിയതിനാൽ ഇന്നലെ ക്ഷാമം നേരിട്ടില്ല. കൂടാതെ സാധനങ്ങൾക്ക് നേരിയ തോതിൽ വിലവർദ്ധനവുണ്ടായിട്ടുണ്ട്.

പരിശോധന തുടരുന്നു

ജില്ലാ അതിർത്തിയായ കല്ലുംകടവിന് സമീപം മൂഴിയിലും ശാലേംപുരത്തും മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ സംയുക്തമായി പരിശോധന നടത്തി വരുകയാണ്. പത്തനംതിട്ടയിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പും വിവരശേഖരണവും നടത്തുന്ന അധികൃതർ യാത്രികരുടെ രോഗലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്.