കൊല്ലം: ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഓർമ്മപ്പെടുത്തി ജില്ലയിൽ ഏഴിടങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. മാസ്കും ഗ്ലൗസും ധരിച്ചാണ് 30 ഉദ്യോഗസ്ഥർ വീതം അടങ്ങുന്ന സംഘം ഏഴിടത്തും റൂട്ട് മാർച്ചിൽ ബൂട്ട് ചലിപ്പിച്ചത്. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കൊല്ലം നഗരം, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ആയിരുന്നു മാർച്ച്. യഥാക്രമം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി സബ് ഡിവിഷൻ എ.സി.പിമാർ മാർച്ച് നയിച്ചു.
കൊല്ലം റൂറലിൽ കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട, പുനലൂർ എന്നിവിടങ്ങളിൽ ആയിരുന്നു മാർച്ച്. പുനലൂരിലും കൊട്ടാരക്കരയിലും സബ് ഡിവിഷൻ ഡിവൈ. എസ്. പി മാരും ശൂരനാട്ടും ശാസ്താംകോട്ടയിലും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മാർച്ച് നയിച്ചു. നിയന്ത്രണങ്ങൾ അവഗണിച്ചാൽ പൊലീസ് നടപടികൾ ശക്തമാക്കുമെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു മാർച്ച്.