photo
കുളത്തൂപ്പുഴ കവലയിൽ ഇന്നലെ രാവില നടന്ന പഴവർഗങ്ങളുടെ വില്പന

കൊട്ടാരക്കര: ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഗ്രാമ പ്രദേശങ്ങളിൽ രാവിലെ മുതൽ വിവിധ ആവശ്യങ്ങളുമായി ജനങ്ങളിറങ്ങിയതോടെ പൊലീസ് ചൂരലുമായിറങ്ങി വിരട്ടേണ്ടി വന്നു. ബോധവത്കരണത്തിലൂടെ പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നപ്പോഴാണ് പൊലീസ് ചൂരലുമായി രംഗത്തിറങ്ങിയത്. ലോക് ഡൗൺ പ്രഖ്യാപിച്ചതൊന്നും കൂസാതെയാണ് രാവിലെ മുതൽ മിക്കവരും റോഡിലും കടകമ്പോളങ്ങളിലുമെത്തിയത്. ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും കാര്യമായ ശ്രദ്ധ രാവിലെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളും മറ്റും സാധാരണപോലെ പ്രവർത്തിച്ചു. ലോക്ക് ഡൗണിന്റെ വിശേഷങ്ങൾ പറയുകയായിരുന്നു മിക്കവരും!. സംശയങ്ങളും ഉത്തരങ്ങളും നീണ്ടുപോകുമ്പോഴും തങ്ങൾ അത് ലംഘിക്കുകയാണെന്ന ചിന്ത അവർക്കുണ്ടായില്ല.

വാഹനങ്ങളിൽ പഴവർഗങ്ങളുടെ വിൽപ്പന

അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഫ്രൂട്ട്സ് വിൽപ്പനയ്ക്ക് തടസമില്ലെന്ന വാദം ഉന്നയിച്ചാണ് വാഹനങ്ങളിൽ പഴവർഗങ്ങളുടെ വിൽപ്പന. മത്സ്യ വിൽപ്പനക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഗ്രാമവഴികളിലൂടെ ചിലരെത്തി വില്പന നടത്തി. ഫിഷറീസ് വകുപ്പിന്റെ അന്തിപ്പച്ചയും മത്സ്യവുമായി പ്രധാന കേന്ദ്രങ്ങളിലുണ്ടായിരുന്നു. പതിവുപോലെ സ്റ്റാൻഡിൽ ഇടംനേടിയ ഓട്ടോക്കാരും പൊലീസുമായി പലയിടത്തും വാക്കേറ്റമുണ്ടായി. പട്ടണത്തിലും രാവിലെ മുതൽ ആളുകൾ എത്തിയെങ്കിലും പൊലീസ് ഇവരെ തിരികെ വീടുകളിലേക്ക് അയച്ചു.

പൊലീസിന്റെ റൂട്ട് മാർച്ച്

അത്യാവശ്യക്കാർ അല്ലാതെ ആരെയും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രയാണെങ്കിൽ പ്രത്യേക മാതൃകയിൽ സത്യവാങ്മൂലം നൽകണം. ഇന്നലെ വൈകിട്ടോടെ പ്രധാന പട്ടണങ്ങളിൽ പൊലീസിന്റെ റൂട്ട് മാർച്ച് ഉണ്ടായിരുന്നു. ശക്തമായ നടപടികളിലേക്ക് തിരിയുന്നതിന്റെ ഭാഗമായിരുന്നു റൂട്ട് മാർച്ച്. ഇന്ന് രാവിലെ മുതൽ നടപടികൾ കർക്കശമാക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.