എഴുകോൺ: കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ മുഖവിലയ്ക്ക് എടുക്കാതെ പൊതുജനം. ലോക്ക് ഡൗണിന്റെ ഭാഗമായി ജനങ്ങൾ സുരക്ഷിതരായി വീടുകളിൽ കഴിയുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും എഴുകോണിൽ അവയെല്ലാം കാറ്റിൽ പറത്തി ജനങ്ങൾ രാവിലെ മത്സ്യ ചന്തകളിലും കടകളിലും കയറിയിറങ്ങി സാധനങ്ങൾ വാങ്ങി കൂട്ടുന്ന തിരക്കിലായിരുന്നു. എഴുകോൺ, ഇടയ്ക്കിടം, കരീപ്ര, നെടുമൺകാവ്, ചീരൻകാവ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെല്ലാം ഉച്ചയ്ക്ക് 12 വരെ ലോക് ഡൗൺ നിർദ്ദേശം വക വയ്ക്കാതെ ജനങ്ങൾ കൂടി നിൽക്കുകയും സാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുകയും ചെയ്തു. പലയിടത്തും ഹോട്ടലുകളും ചായക്കടകളും തുറന്ന് പ്രവർത്തിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. പൊതു ഗതാഗതം ഇല്ലാതിരുന്നതിനാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടി. ഇരുചക്ര വാഹനങ്ങളായിരുന്നു ഏറെയും. അവശ്യ വസ്തുകൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും അതിന്റെ പേരിൽ പെട്ടിക്കടകൾ വരെ തുറന്ന് പ്രവർത്തിച്ചതിനാലാണ് ജനങ്ങൾ ലോക് ഡൗണിന്റെ പ്രാധാന്യം മറന്ന് തെരുവിലിറങ്ങിയത്. തെരുവുകളിൽ ജനസാന്ദ്രത കൂടിയതായി പരാതി വന്നതിനെ തുടർന്ന് കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം എഴുകോൺ, പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി കടകൾ അടപ്പിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. തുടർന്ന് അതത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ ബോധവത്കരണവും മുന്നറിയിപ്പും നൽകി. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.