കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മാത്രം 66 കേസ്
കൊല്ലം: 'ലോക്ക് ഡൗൺ' നിബന്ധനകൾ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 68 പേർക്കെതിരെ കേസെത്തു. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 66 ഉം റൂറലിൽ രണ്ട് കേസുകളുമാണെടുത്തത്.
കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച് മത്സ്യലേലം നടത്തരുതെന്ന ഉത്തരവിന് വിപരീതമായി ശക്തികുളങ്ങര ഹാർബറിൽ കൂട്ടംകൂടിയ അമ്പതോളം പേർക്കെതിരെയും നീണ്ടകര ഹാർബറിൽ 100 പേർക്കെതിരെയും അഴീക്കൽ ലേലഹാളിൽ മത്സ്യ ലേലത്തിൽ പങ്കെടുത്തതിന് കണ്ടാലറിയാവുന്ന 400 പേർക്കെതിരെയും അഴീക്കൽ ഹാർബറിന്റെ കവാടത്തിൽ നിലവിലുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് കൂട്ടം കൂടിയതിന് കണ്ടാലറിയാവുന്ന 400 പേർക്കെതിരെയും നീണ്ടകര ഹാർബറിലെ നൂറോളം ബോട്ട്,വള്ളം ഉടമസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹോട്ടലുകളിൽ ആൾക്കാരെ ഇരുത്തി ഭക്ഷണം നൽകരുത് എന്ന നിർദേശം ലംഘിച്ച് ഏകദേശം എഴുപത്തിയഞ്ചോളം പേർക്ക് പ്രഭാത ഭക്ഷണം നൽകിയ കാവനാട്ടെ ഹോട്ടൽ ഉടമ വിജയൻ പിള്ളക്കെതിരെ ശക്തികുളങ്ങര പൊലീസും കേസെടുത്തു. വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരിക്കെ നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് പുറത്തിറങ്ങി സഞ്ചരിച്ച ഇരവിപുരം സ്വദേശിയായ ശരൺ എസ്. നായർക്കെതിരെയും ചെന്നെയിൽ നിന്നെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം ലംഘിച്ച യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി ഓട്ടോറിക്ഷയിൽ ആളെ കയറ്റിയതിന് 15 കേസുകളും കാറിൽ സഞ്ചരിച്ചതിന് 6 കേസുകളും പൊതുസ്ഥലത്ത് കൂട്ടം കൂടിയതിന് 2 കേസുകളമാണ് രജിസ്റ്റർ ചെയ്തത്.
കൊല്ലം റൂറൽ പൊലീസ് പരിധിയിൽ തുറന്ന് പ്രവർത്തിപ്പിച്ച അഞ്ചൽ ഭാഗ്യക്കുന്ന്, അറയ്ക്കൽ എന്നിവിടങ്ങളിലെ കാഷ്യു ഫാക്ടറികൾക്കെതിരെ അഞ്ചൽ പൊലീസും കേസെടുത്തിട്ടുണ്ട്,