പുനലൂർ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ കേരളത്തിൽ ഏർപ്പെടുത്തിയ ലോക് ഡൗൺ പുനലൂരിലും സമീപ പ്രദേശങ്ങളിലും പൂർണമായിരുന്നു. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമേ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിൽ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, ബാങ്കുകൾ, പലചരക്ക് കടകൾ തുടങ്ങിയ സ്ഥാപനങ്ങൾ മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. നിയന്ത്രണം ലംഘിച്ച് പുനലൂർ ടൗണിലെ ചില കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് അടപ്പിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, സി.ഐ ബിനു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതൽ പുനലൂർ ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങൾ പരിശോധിച്ചു. എന്നാൽ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി കുറേ സ്വകാര്യ കാറുകൾ, ഇരു ചക്രവാഹനങ്ങൾ, ഓട്ടോ റിക്ഷകൾ തുടങ്ങിയവ വ്യാപകമായി ടൗണിലെ പോസ്റ്റ് ഓഫീസ് കവലവഴി കടന്ന് പോയത് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. വാഹനങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ പലരെയും താക്കീത് നൽതി വിട്ടയച്ചു. ഇരുചക്ര വാഹനങ്ങളുമായി ടൗണിൽ കറങ്ങാൻ എത്തിയ യുവാക്കളിൽ ചിലർക്ക് പെറ്റിയടിച്ച് നൽകുകയും ചെയ്തു. ഇന്ന് മുതൽ അനാവശ്യമായി വാഹനങ്ങൾ നിരത്തിൽ ഇറക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. രാവിലെ 11 മണിയോടെ വാഹനങ്ങളുടെ തിരക്ക് ടൗണിൽ കുറഞ്ഞു. ലോറി, ജീപ്പ്, ബസ് തുടങ്ങിയവ നിരത്തിൽ ഇറങ്ങിയില്ല. പുനലൂരിലെ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ ഒരു സമയം ഒരാളെ മാത്രമേ കടത്തി വിട്ടുള്ളൂ. ബാങ്കിന് പുറമേ മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ എന്നിവിടങ്ങളിലും ജനത്തിരക്ക് തീരെ കുറവായിരുന്നു. കടകളിലെ ഭക്ഷ്യധാന്യങ്ങൾ തീർന്ന് പോകുമോ എന്ന ആശങ്കയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തടിച്ച് കൂടാൻ ശ്രമിച്ചത് പലചക്ക് കടകളിലും മറ്റും ആയിരുന്നു.