ഇന്ന് മുതൽ നടപടികൾ കൂടുതൽ കടുപ്പിക്കും
കുണ്ടറ: കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാറ്റിൽപ്പറത്തി ഒരുവിഭാഗം ജനങ്ങൾ നിരത്തിലറങ്ങിയത് പൊലീസിന് തലവേദനയായി. രാവിലെ മുതൽ തന്നെ കുണ്ടറയിലെ നിരത്തുകൾ സജീവമായിരുന്നു.
രാവിലെ 8 മണിയോടെ ആശുപത്രിമുക്ക് സി.എസ്.ഐ കോംപ്ലക്‌സിന് സമീപം കൂട്ടംകൂടി നിന്നവരെ പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറാത്തവരെ ഒടുവിൽ വിരട്ടിയോടിക്കേണ്ടി വന്നു. ഇരുചക്ര വാഹനങ്ങളിലുൾപ്പെടെ കൂടുതൽ ആളുകൾ നിരത്തിലേക്ക് ഇറങ്ങിയതോടെ 11 മണിയോടെ പൊലീസ് സംഘം ആശുപത്രിമുക്കിൽ വാഹന പരിശോധന ആരംഭിച്ചു. അവശ്യ വസ്തുക്കൾക്കും സേവനങ്ങൾക്കുമായി പുറത്തിറങ്ങിയവരെ കടത്തിവിട്ടെങ്കിലും അനാവശ്യമായി നിരത്തിലിറങ്ങിയവരിൽ നിന്ന് പിഴ ഈടാക്കി. ഉച്ചയ്ക്ക് 12 മണിയോടെ കരിക്കോട് മേൽപ്പാലം അടച്ചു.
ഒരു മണിയോടെയാണ് അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയുടെ സന്ദേശമെത്തിയത്. ഇതിനുശേഷം വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിച്ച് അത്യാവശ്യക്കാരല്ലെന്ന് ബോധ്യപ്പെട്ടവർക്ക് കടുത്ത പിഴ ചുമത്തിയ ശേഷം തിരിച്ചയച്ചു. അനുസരിക്കാൻ കൂട്ടാക്കാത്തവർക്കെതിരെ കിളികൊല്ലൂർ പൊലീസ് ആറ് കേസുകൾ എടുത്തു.
അത്യാവശ്യത്തിന് എത്തിയവർക്കൊപ്പം ആംബുലൻസുകൾ, ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ തുടങ്ങിയവ കയറ്റിയ വാഹനങ്ങൾ, ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വാഹനങ്ങൾ, പൊലീസ് പാസുമായി എത്തിയ വാഹനങ്ങൾ എന്നിവയാണ് കടത്തിവിട്ടത്. കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നതിനായി എത്തിയ കുടുംബത്തിന് കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് അനുവദിക്കുകയും ചെയ്തു.
ആദ്യ ദിനത്തിൽ പലർക്കും സംശയം
ലോക്ക് ഡൌണിന്റെ ആദ്യ ദിനമായത്തിനാൽ ഇതേക്കുറിച്ച് വ്യക്തമായ ധാരണ പൊതുജനങ്ങൾക്കോ അധികൃതർക്കോ ഇല്ലാത്തതാണ് തലവേദന സൃഷ്ടിച്ചത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവും തമ്മിൽ പൊരുത്തക്കേടുണ്ടായതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്ന പരാതിയുണ്ട്. ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
സ്ഥാപനങ്ങൾ ലോക്ക്ഡ്..
സർക്കാർ ഉത്തരവ് വന്നതോടെ കുണ്ടറയിലെ അലിൻഡ്, സിറാമിക്‌സ്, കെൽ ഫാക്ടറികൾ അടച്ചിട്ടു. അവശ്യവസ്തുക്കളും സേവനങ്ങളും ലഭ്യമാക്കുന്നതല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ രാവിലെ മുതൽ പൊലീസ് അടപ്പിച്ചു തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ മറികടന്ന് തുറന്ന് പ്രവർത്തിച്ച വെള്ളിമൺ, കേരളപുരം എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള കശുഅണ്ടി ഫാക്ടറികളും അടപ്പിച്ചു.
തുറന്നുവച്ച കടകളെല്ലാം വൈകിട്ട് അഞ്ചോടെ അടയ്ക്കണമെന്ന് പൊലീസ് രാവിലെ തന്നെ ഉച്ചഭാഷിണിയിലൂടെ നിർദ്ദേശം നൽകിയിരുന്നു. അഞ്ചിന് ശേഷവും അടയ്ക്കാത്ത കടയുടമകൾക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങിയതായി പൊലീസ് അറിയിച്ചു.