firfo
പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ജയഭാരതം മെന്റൽ ആശുപത്രി ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാനായി ഫയർഫോഴ്സ് ശുചീകരിക്കുന്നു

പുനലൂർ: കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ പാർപ്പിച്ച് നിരീക്ഷിക്കാനുളള ഐസൊലേഷൻ സെന്ററുകൾ പുനലൂരിൽ സജ്ജമാക്കാൻ തുടങ്ങി. പുനലൂർ റവന്യൂ ഡിവിഷന്റെ പരിധിയിലെ വിവിധ ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ 446 പേരെ പർപ്പിച്ച് നീരിക്ഷിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്. പുനലൂർ ജയഭാരതം മെന്റൽ ആശുപത്രി, വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രി, പട്ടാഴിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, പുനലൂർ ഗവ. താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള കെട്ടിടം തുടങ്ങിയ 11ഓളം സ്ഥാപനങ്ങളാണ് ഐസൊലേഷൻ വാർഡുകൾക്കായി സജ്ജമാക്കുന്നത്. പുനലൂർ, കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, കരുനാഗപ്പള്ളി തുടങ്ങിയ താലൂക്കുകളിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ താമസിപ്പിച്ച് നിരീക്ഷിക്കാനാണ് വാർഡുകൾ ശുചീകരിച്ച് മോടി പിടിപ്പിക്കുന്നത്. പുനലൂർ ജയഭാരതം മെന്റൽ ആശുപത്രി കെട്ടിടവും പരിസരവും ഇന്നലെ പുനലൂർ ഫയർഫോഴ്സും നഗരസഭയിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരിച്ചു. ഇനി മറ്റ് കെട്ടിടങ്ങളും അനുബന്ധ സ്ഥാപനങ്ങളും ശുചീകരിച്ച് വൃത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.