കൊല്ലം: ഗ്രൗണ്ടിൽ കളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് ശേഷം വീടുകയറി ആക്രമിച്ച കേസിൽ 9 പേർ അറസ്റ്റിൽ. ശൂരനാട് പള്ളിക്കൽ ചെറുകുന്നം പ്രമോദ് ഭവനത്തിൽ പ്രദീപ്(40), ബിജുഭവനത്തിൽ ബിജു(44), മണപ്പള്ളി താഴതിൽ വീട്ടിൽ വസുമോഹൻ(43), മനയത്ത് വീട്ടിൽ അഖിൽ മധു(21), നടുവിലെമുറി ജിതിൻഭവനത്തിൽ ജിതിൻ(25), പോരുവഴി ചാത്താകുളം രമണി വിലാസത്തിൽ വിഷ്ണു(20), ഇടയ്ക്കാട് ചാത്താകുളത്ത് പുത്തൻവീട്ടിൽ അഖിൽകുമാർ(20), വടക്കേമുറി ചാത്താകുളം രജിൻഭവനത്തിൽ രജിൻ(20) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശൂരനാട് വടക്ക് നടുവിലെമുറി അംബിക ഭവനത്തിൽ ജ്യോതിഷിന്റെ (19) വീടുകയറിയാണ് ആക്രമണം നടത്തിയത്. 23ന് രാത്രി 9.30ന് മാരകായുധങ്ങളുമായെത്തിയ സംഘം ആനയടി പാലത്തിന് സമീപത്തെ വാടക വീട്ടിലെത്തിയാണ് ജ്യോതിഷിനെയും അമ്മ മുത്താലിയമ്മാളിനെയും ക്രൂരമായി മർദ്ദിച്ചത്. ജ്യോതിഷിന്റെ തല അടിച്ചുപൊട്ടിക്കുകയും കൈയ്ക്കും മൂക്കിനും ഇടിയ്ക്കുകയും ചെയ്തു. അമ്മയെയും തല്ലിച്ചതച്ചു. ക്രൂരമായി മർദ്ദനമേറ്റ് അവശനിലയിൽ വീട്ടിൽക്കിടന്ന ഇരുവരെയും അയൽക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജ്യോതിഷിന്റെ നില ഗുരുതരമാണ്. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കവെ ജ്യോതിഷും സുഹൃത്തുക്കളും പ്രദേശത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ പ്രതിപ്പട്ടികയിലെ ജിതിന്റെ പിതാവ് മധു ഇത് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി കളിച്ചവരും മധുവുമായി വാക്കേറ്റമുണ്ടായി. ഇതിന് നേതൃത്വം നൽകിയ ജ്യോതിഷിനെ ആക്രമിക്കാൻ പിന്നീട് തീരുമാനിച്ച പ്രകാരമായിരുന്നു വീടുകയറി ആക്രമണം. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ ശൂരനാട് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധങ്ങളും കണ്ടെടുത്തു. സി.ഐ എ.ഫിറോസ്, എസ്.ഐമാരായ പി.ശ്രീജിത്ത്, സെബാസ്റ്റ്യൻ, എ.എസ്.ഐമാരായ പ്രദീപ്, ചന്ദ്രമോൻ, ഹർഷാദ്, സി.പി.ഒമാരായ ഷിജു ആനന്ദ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.