കൊല്ലം: "ഗംഗയ്ക്കറിയാം ഇത് ബ്രേക്ക് ദ ചെയിൻ കാലമാണെന്ന് നിങ്ങൾക്കോ?"- പറഞ്ഞിട്ടും ചൂരലെടുത്തിട്ടും മനസിലാക്കാത്ത മലയാളികളെ ബോധവത്കരിക്കാൻ കേരള പൊലീസ് പുറത്തുവിട്ട ട്രോൾ മെഗാഹിറ്റ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇട്ട മണിച്ചിത്രത്താഴ് പോസ്റ്റിന് മൂന്ന് മണിക്കൂർകൊണ്ട് 82,000 കാഴ്ചക്കാരും രണ്ടായിരം ഷെയറും ലഭിച്ചു. ഇന്ന് രാവിലെയായപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുത്തിട്ടുണ്ട്. മൂവായിരത്തിലധികം ഷെയറുമായി.
തമാശകളും ആക്ഷേപങ്ങളും ഗൗരവ വിഷയങ്ങളും ചേർത്ത് 491 കമന്റുകളും ഈ മൂന്ന് മണിക്കൂറിനുള്ളിലെത്തി. സൂപ്പർഹിറ്റായ മണിച്ചിത്രത്താഴ് ചിത്രത്തിലെ മെഗാഹിറ്റായ ഡയലോഗാണ് ബോധവത്കരണത്തിന് ഉപയോഗിച്ചത്. സുരേഷ് ഗോപി വേഷമിട്ട നകുലൻ എന്ന കഥാപാത്രം ശോഭന വേഷമിട്ട ഗംഗയോട് പറയുന്നതാണ് സന്ദർഭം. നകുലൻ: ഗംഗ ഇപ്പോൾ എവിടെ പോകുന്നു? ഗംഗ: അതുകൊള്ളാം, ഞാൻ പറഞ്ഞില്ലേ അല്ലിയ്ക്ക് കല്യാണ ആഭരണം എടുക്കാൻ പോണന്ന്. നകുലൻ: ഗംഗ ഇപ്പോൾ പോകണ്ട. ഗംഗ: ങ്ങേ, ഞാൻ പോകണ്ടേ? നകുലൻ : വേണ്ട. ഗംഗ: ഞാനിന്ന് രാവിലെ പറഞ്ഞിരുന്നതാണല്ലോ, പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം. നകുലൻ: ഗംഗ ഇപ്പോൾ പോകണ്ട (ദേഷ്യത്തോടെ) ഗംഗ: ഉം (ചിരിച്ചുകൊണ്ട്) --- കൊറോണ വ്യാപന കാലത്ത് എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണമെന്ന സന്ദേശമാണ് സെക്കന്റുകൾ മാത്രമുള്ള വീഡിയോയിലൂടെ പൊലീസ് പൊതുസമൂഹത്തോട് പറയുന്നത്. കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജ് മുൻപും ചിരിപ്പിച്ചുകൊണ്ട് ബോധവത്കരണം നടത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള പ്രത്യേക അറിയിപ്പുകളും നിർദ്ദേശങ്ങളും മീമുകളായി അവതരിപ്പിച്ചാണ് അവർ ശ്രദ്ധ നേടിയത്. പിന്നീട് കെ.എസ്.ഇ.ബിയും ഇതിന്റെ ചുവടുപിടിച്ചു. കറണ്ട് ബില്ലടയ്ക്കാൻ ഇപ്പോൾ ക്യൂ നിൽക്കേണ്ടെന്നും ഓൺലൈൻ വഴി ബില്ലടയ്ക്കാമെന്നും മീമിൽ പറയാൻ അവരും ഉപയോഗിച്ചത് ഗംഗയെയും നകുലനെയുമാണ്.
ഗംഗയും നകുലനും വീണ്ടുമെത്തിയപ്പോൾ അവസാന ഭാഗത്ത് ഗംഗ പുഞ്ചിരിയോടെ നകുലനെ അനുസരിക്കുകയാണ്. അതുതന്നെയാണ് കൊറോണക്കാലത്ത് പൊതുസമൂഹവും പാലിക്കേണ്ടത്. ഗംഗയെപ്പോലെ എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന. നിരവധി വീഡിയോസും ട്രോളുകളുമൊക്കെ പൊലീസ് ഫേസ് ബുക്ക് പേജിൽ ഇടുന്നുണ്ടെങ്കിലും പെട്ടെന്ന് ഹിറ്റായത് ഗംഗയും നകുലനുമാണ്.