കൊല്ലം: കേന്ദ്ര സർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ നിയന്ത്രങ്ങൾ പൊലീസും ജില്ലാ ഭരണകൂടവും കൂടുതൽ കർശനമാക്കി. ജോലി, ആശുപത്രി ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങുന്നവരെ പൊലീസ് തടഞ്ഞ് തിരിച്ചയയ്ക്കുകയാണ്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ കാഴ്ച കാണാൻ ഇറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം ഉടമയ്ക്കും ഡ്രൈവർക്കും എതിരെ കേസെടുക്കുന്നത് ഇന്നലെയും തുടർന്നു. എല്ലാ പ്രധാന കവലകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് നിർദേശിച്ച മാതൃകയിലുള്ള സത്യവാങ്മൂലവുമായി വരുന്നവർക്ക് യാത്രയ്ക്ക് തടസമില്ല. കൊല്ലം - തിരുമംഗലം ദേശീയപാതയിലെ കരിക്കോട് റെയിൽവേ മേൽപ്പാലവും ദേശീയപാത 66ലെ നീണ്ടകര പാലവും പൊലീസ് നിയന്ത്രണത്തിലാണ്. അത്യാവശ്യക്കാരെ അല്ലാതെ ഒരാളെ പോലും ഇതുവഴി കൊല്ലം നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. നഗര ഹൃദയത്തിലെ ചിന്നക്കടയിൽ ഉൾപ്പെടെ പരിശോധനകൾക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്. ഡിവൈ.എസ്.പി, എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം നിരത്തിൽ സജീവമായി പരിശോധനയിൽ പങ്കെടുക്കുകയാണ്. ചൊവ്വാഴ്ച പൊലീസ് ജില്ലയിലാകെ ബോധവത്കരണ അനൗൺസ്‌മെന്റ് നടത്തിയ റൂറൽ പൊലീസ് ഇന്നലെ പുലർച്ചെ മുതൽ നിയമ നടപടികൾ കടുപ്പിച്ചു. ഉപദേശത്തിന്റെ സമയം കഴിഞ്ഞെന്നാണ് പൊലീസിന്റെ പൊതുവിലയിരുത്തൽ. ഇരുചക്ര വാഹനങ്ങളിൽ സ്ഥിരമായി കാഴ്ച കാണാൻ ഇറങ്ങുന്നവരുടെ വാഹനം ലോക്ക് ഡൗൺ കാലാവധി കഴിയും വരെ പൊലീസ് കസ്റ്റഡിയിൽവയ്ക്കാനും ആലോചനയുണ്ട്.
കടകൾ അഞ്ച് മണിവരെ മാത്രം
അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ തുറക്കാവൂ എന്ന നിർദേശം മറികടന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ജില്ലയിലാകെ നൂറിലേറെ ഇടങ്ങളിൽ പൊലീസിന് ഇത്തരം കടകൾ അടപ്പിക്കാൻ ഇടപെടേണ്ടി വന്നു. ഇനിയും ആവർത്തിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. അഞ്ചുമണിക്ക് ശേഷം തുറന്ന് പ്രവർത്തിച്ച അവശ്യ സാധന വിൽപ്പന ശാലകൾ അടപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു.
ഗ്രാമങ്ങളിൽ കാഴ്ച കാണാൻ ഇറങ്ങുന്നവർ കൂടുതലാണ്
നഗര കേന്ദ്രങ്ങളിലും പ്രധാന കവലകളിലും പൊലീസ് നിരീക്ഷണം ശക്തമാണെങ്കിലും ഗ്രാമങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. സർക്കാർ നിർദേശങ്ങൾ കേട്ട ഭാവം പോലും ഇല്ലാതെ പതിവ് ശൈലിയിൽ പ്രവർത്തിക്കുന്ന ഉൾഗ്രാമങ്ങൾ നിരവധിയാണ്. ഇവിടുത്തെ വാഹന യാത്രകൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇത്തരം സ്ഥലങ്ങളുടെ വിവരം ശേഖരിച്ചു കേന്ദ്രീകൃത ഇടപെടൽ നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
''
നിയമ നടപടികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അനാവശ്യമായി പുറത്തിറങ്ങിയാൽ പിടികൂടും. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം അറസ്റ്റും രേഖപ്പെടുത്തും.
ടി.നാരായണൻ
സിറ്റി പൊലീസ് കമ്മിഷണർ