കൊല്ലം: ഈർക്കിൽ ചൂല് മുറുകെപ്പിടിച്ച് കരിയില തൂക്കുമ്പോഴും ജയകുമാരിയുടെ മുഖത്ത് ചിരി മാഞ്ഞിരുന്നില്ല. മോൻ വിഷ്ണു ഡോക്ടറായി!. അതിന്റെ സന്തോഷമാണ്.
തിരുവനന്തപുരം കോർപറേഷനിലെ തൂപ്പുകാരിയാണ് പാച്ചല്ലൂർ കൊറ്റവിള വീട്ടിൽ ജയകുമാരി. ഭർത്താവ് ജി.ബാബു കല്പണി മേശരിയാണ്.
ആറര സെന്റിലെ ചെറിയൊരു വീട്ടിൽ കഷ്ടപ്പാടുകളോട് മല്ലടിച്ചാണ് ഇരുവരും മക്കളെ വളർത്തിയത്. മൂത്തമകൻ ബി.ജെ.വിഷ്ണുവിന്റെ എം.ബി.ബി.എസ് ഫലം കഴിഞ്ഞ ദിവസമാണ് വന്നത്. കൊറോണ നിയന്ത്രണങ്ങൾക്കിടയിലും അയൽക്കാരും ബന്ധുക്കളുമെല്ലാം ഈ നിർദ്ധന കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ്.
സ്വന്തം വീട്ടിൽ വെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ആറ് കിലോമീറ്റർ അകലെ വാടക വീട്ടിലാണ് ജയകുമാരിയും കുടുംബവും താമസിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളും
ബാങ്ക് വായ്പയും മറ്റ് ബാദ്ധ്യതകളും ഉണ്ടെങ്കിലും മക്കളെ നല്ലരീതിയിൽ പഠിപ്പിക്കാൻ ബാബുവിനും ജയകുമാരിക്കും വലിയ ഉത്സാഹമായിരുന്നു. മകൾ ദിവ്യ എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിനിയാണ്.
എൻജിനിയറാകാൻ മോഹിച്ചു
സ്കൂളിൽ പഠിക്കുമ്പോൾ എൻജിനിയറാകാനായിരുന്നു വിഷ്ണുവിന് ആഗ്രഹം. ഫിസിക്സും കണക്കുമായിരുന്നു ഇഷ്ട വിഷയങ്ങൾ. അയൽവീട്ടിലെ ഡോ.സുജിലയാണ് വിഷ്ണുവിന്റെ മനസിൽ ഡോക്ടറാകാനുള്ള മോഹം വളർത്തിയത്. എൻട്രൻസ് പരീക്ഷയിൽ 8200-ാം റാങ്ക് ലഭിച്ചു. പട്ടികജാതി സംവരണം അനുഗ്രഹമായി. കാരക്കോണം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി. ഫീസും മറ്റ് ചെലവുകളും വേണ്ടിവന്നില്ല. കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ വലിയ പ്രോത്സാഹനവും സഹായങ്ങളും നൽകി. അച്ചടക്കത്തോടെ പഠിച്ചത്തിന് ഫലമുണ്ടായി. ഹൗസ് സർജൻസിക്കുശേഷം പി.ജി പഠനം നടത്തണമെന്നാണ് കരുതുന്നത്. പാവങ്ങളുടെ ഡോക്ടറാകണമെന്നാണ് ആഗ്രഹം. ഫോൺ: 8301087386.